എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് പി പി ദിവ്യയുടെ ഈ വിഡിയോ. നിസ്വാര്‍ഥരായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനാലാണ് യേശുവിന് കുരിശ് മരണം വിധിക്കപ്പെട്ടത് എന്ന വിശ്വാസം ചേര്‍ത്തുപ്പിടിച്ച് കൊണ്ട് ആണ് താന്‍ നിരപരാധിയാണെന്ന് പി പി ദിവ്യ യൂട്യൂബ് വിഡിയോയിലൂടെ പരോക്ഷമായി പറയുന്നത്.പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലവാചകത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ച് കൊന്നു.ഒപ്പം ഇരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തവര്‍. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്. എത്ര സത്യസന്ധമായി ജീവിച്ചാല്‍ പോലും ആള്‍ക്കൂട്ടം കാര്യം അറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഏത് പാതാളത്തിലാണെങ്കിലും കുതിച്ച് ഉയര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരിക തന്നെ ചെയ്യും. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാല്‍ അത് ഞായറാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കും.’- ഇത്തരത്തിലാണ് പി പി ദിവ്യയുടെ വിഡിയോ നീളുന്നത്.