കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന.
ദേശീയ നേതൃത്വം പത്മജയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികളില്‍ പത്മജയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ തന്റെ തോല്‍വിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതില്‍ പത്മജയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു.
രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നല്‍കാനും കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പരാതിപ്പെട്ടിരുന്നു.