പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടു.പാർട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.
സമാന അനുഭവസ്ഥർ പാർട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു.
പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂർ. ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയില്‍ നിലനിർത്താനാണ് ശ്രമം.കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂർ പറഞ്ഞത്.