കനത്ത ചൂടിൽ നട്ടം തിരിയുകയാണ് ജനങ്ങൾ ഒന്നടങ്കം. വെന്തുപൊള്ളുന്ന ഈ സമയത്ത് സൂക്ഷിച്ച് വേണം ആളുകൾ പുറത്തിറങ്ങാൻ.
ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് പാലക്കാട് ജില്ലയിൽ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടർ ഡോ ചിത്ര ഐഎഎസ് പറഞ്ഞു.
പാലക്കാട് ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
പാലക്കാട് കൂടാതെ 11 ജില്ലകളിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.
28വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും.
സാധാരണയെക്കാൾ 2-4 °C കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.