പളളുരുത്തി സെന്റ്. റീത്താസിൽ ശിരോവസ്ത്രം ധരിച്ചു എന്ന പേരിൽ ക്ലാസ്സിൽ കുട്ടിയെ ഇരുത്തിയില്ലെന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുട്ടിയെ ശിരോവസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ പുറത്തു നിർത്താനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്ന റിപ്പോർട്ടാണ് വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ മാനേജ്‌മെന്റിന്റെ ഭാഗം കേൾക്കാനായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ പേരിൽ വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ചില വിഭാഗങ്ങൾ ശ്രമിക്കുന്നുണ്ട്. സർക്കാരിന്റെ നിലപാട് വ്യക്തമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും കോടതി വിധികളും മുൻനിർത്തിയാണ് മുന്നോട്ടു പോകേണ്ടത്. വിഷയത്തിൽ സ്‌കൂൾ തലത്തിൽ എന്തെങ്കിലും സമവായം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി.

