ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപണം : പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി.
ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയത്.
ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കെപിസിസി സംഘടിപ്പിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത്.
‘പരിണിത പ്രജ്ഞനും എംഎല്‍എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’. ബിജെപി നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ മുൻ എംഎല്‍എ കൂടിയായ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിക്കുകയായിരുന്നു. തെറ്റു ശ്രദ്ധയില്‍പ്പെട്ട ടി സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. പാലോട് രവി തെറ്റായി ദേശീയഗാനം ആലപിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.