വോട്ട് ചോദിച്ചു കുട്ടികള്‍.
പ്രചാരണം കൊഴുപ്പിച്ചു കൂട്ടുകാര്‍.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തി കുട്ടി സ്ഥാനാര്‍ഥികള്‍.
വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളുമായി സഹപാഠികള്‍.
ഒരു തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറഞ്ഞ അന്തരീക്ഷമൊരുങ്ങിയപ്പോള്‍ പൈനാവ് എംആര്‍എസ് സ്‌കൂള്‍ ഒരു അസ്സല്‍ പോളിങ് ബൂത്തായി മാറി.
ഒടുവില്‍ വോട്ട് ചെയ്ത് മഷിപുരണ്ട വിരലുകളുയര്‍ത്തി കുട്ടികള്‍ പുറത്തിറങ്ങി.
അപ്പോള്‍ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികള്‍ക്ക് കാണാപ്പാഠമായി.
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണപരിപാടിയായ സ്വീപിന്റെ ഭാഗമായ സ്റ്റുഡന്റ് അംബാസിഡര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പൊതുതിരഞ്ഞെടുപ്പിന് സമാനമായ നടപടിക്രമങ്ങളെല്ലാം പാലിച്ചു സ്‌കൂളില്‍ മാതൃക തിരഞ്ഞെടുപ്പ് നടത്തിയത്.
പരിപാടിയോടനുബന്ധിച്ച് കുട്ടികളില്‍ നിന്ന് നാമനിര്‍ദേശ പത്രിക സ്വീകരിച്ചു.
അര്‍ഹരായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു.
അവര്‍ക്ക് സ്‌കൂളില്‍ പ്രചരണത്തിന് അവസരം ഒരുക്കുകയും ചെയ്തു.
പോളിങ് ഓഫീസിന്റെ അതേ മാതൃകയില്‍ ക്രമീകരിച്ച ഇലക്ഷന്‍ റൂമില്‍, പോളിംഗ് ഓഫീസര്‍മാര്‍, ബൂത്ത് ഏജന്റുമാര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവര്‍ തയ്യാറായിരുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെയാണ് കുട്ടികള്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളായത്.
വോട്ട് ചെയ്തവരുടെ വിരലുകളില്‍ മഷി പുരട്ടുകയും ചെയ്തു.
സ്റ്റുഡന്റ് അംബാസിഡര്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു.
പൈനാവ് എം.ആര്‍.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ അധ്യക്ഷത വഹിച്ചു.
പദ്ധതി വിശദീകരണം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ ജെ.ഒ. നിര്‍വഹിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യാനും മാതാപിതാക്കളെയും അയല്‍ക്കാരെയും ബന്ധുക്കളെയും പ്രേരിപ്പിക്കുന്ന സ്മാര്‍ട്ടായ വിദ്യാര്‍ഥിയാണ് സ്റ്റുഡന്റ് അംബാസിഡര്‍.
എസ്.സി, എസ്.റ്റി വിദ്യാര്‍ഥികള്‍ക്കായുളള എം ആര്‍ എസ്, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ തെരഞ്ഞെടുപ്പിനെ കുറിച്ച് ബോധവല്‍ക്കരിക്കുകയും മാതാപിതാക്കളെയും അയല്‍ക്കാരെയും ബന്ധുക്കളും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും വോട്ടു ചെയ്യാനും വിദ്യാര്‍ഥികള്‍ വഴി പ്രേരിപ്പിക്കുകയാണ് സ്റ്റുഡന്റ് അംബാസിഡര്‍ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്സ്, ക്വിസ് മത്സരം, മീറ്റ് ദ കാന്‍ഡിഡേറ്റ്, മോക് പോള്‍, തിരഞ്ഞെടുപ്പു ചരിത്രവും പ്രത്യേകതകളും പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കുന്ന വെര്‍ച്വല്‍ എക്സിബിക്ഷന്‍, മാതാപിതാക്കള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ടോ കഴിഞ്ഞ തവണ വോട്ടു ചെയ്തോ ഇപ്രാവശ്യം വോട്ടു ചെയ്യുമോ എന്നീ കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ മാതാപിതാക്കളെ ഫോണ്‍ ചെയ്തു അന്വേഷിക്കുന്ന കോള്‍ യുവര്‍ പാരന്റ്, തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തും.
പരിപാടിയില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ ലിപു എസ് ലോറന്‍സ്, ഹുസൂര്‍ ശിരസ്തദാര്‍ ഷാജുമോന്‍ എം. ജെ, ഇടുക്കി തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സീസ് , സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.