സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില്‍ നീതി ലഭിക്കുവാൻ പദ്ധതി.നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്കുള്ള കോളുകളും ഇലക്‌ട്രോണിക് രീതിയില്‍ സ്ക്രീൻ ചെയ്യപ്പെടുകയും, 10 ലക്ഷം രൂപയില്‍ കൂടുതലുള്ള കുറ്റകൃത്യങ്ങളാണെങ്കില്‍ അവ സ്വയമേവ ‘സീറോ എഫ്‌ഐആർ’ ആയി രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യും.ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിലാണ് ഈ സുപ്രധാന മാറ്റം. ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയില്‍ ഒരു പൈലറ്റ് പ്രോജക്റ്റായി ഈ ‘ഇ-സീറോ എഫ്‌ഐആർ’ സംരംഭം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് വിജയകരമായാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതിയ വ്യവസ്ഥകള്‍ക്കനുസൃതമായി കേസുകള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രക്രിയ നടപ്പിലാക്കുന്നതിനായി ഡല്‍ഹി പോലീസും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും (I4C) സംയുക്തമായാണ് പ്രവർത്തിക്കുന്നത്.