കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസില്‍ പ്രതികളാണ്.സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്.ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 10ന് അലോഷി അവതരിപ്പിച്ച ഗാനമേളക്കിടെയാണ് വിപ്ലവഗാനം പാടിയത്. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായ അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.