നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈല്‍ സജീവിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.അപകടത്തില്‍പ്പെട്ട മിനി കൂപ്പറിന്റെ ആർസി ഉടമ സുഹൈലിന്റെ അമ്മയാണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാടും വയനാടും സന്ദർശിച്ച് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. ഇതിനുപുറമെ സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും പൊലിസ് ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനം ഓടിച്ച സുഹൈല്‍ സജീവ്, സഹയാത്രികരായ നിനവ്, ജോയല്‍, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

