മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്ത തമിഴ്‌നാട്ടിലെ സ്വകാര്യ ഡയറി സ്ഥാപനമായ എആര്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) പോലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ എആർ ഡയറിക്കെതിരേ പോലീസ് കേസെടുത്തു. ടിടിഡിയുടെ പരിധിയില്‍ വരുന്ന ക്ഷേത്രമാണ് തിരുപ്പതിയിലെ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം.
ലാബ് പരിശോധനയില്‍ എആര്‍ ഡയറി വിതരണം ചെയ്ത നെയ്യില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും കണ്ടെത്തിയതായി ടിടിഡി എക്‌സിക്യുട്ടിവ് ഓഫീസര്‍ ജെ ശ്യാമള റാവു പത്ര സമ്മേളത്തില്‍ ആരോപിച്ചിരുന്നു. എആര്‍ ഡയറിയാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത്. എന്നാല്‍, ടിടിഡിയുടെ ആരോപണങ്ങള്‍ എആര്‍ ഡയറി നിഷേധിച്ചിരുന്നു. തങ്ങളുടെ ഉത്പന്നങ്ങളുടെ സാംബിളുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മായം കലര്‍ന്നിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ സാക്ഷ്യപ്പെടുത്തിയതാണെന്നും അവര്‍ അറിയിച്ചു.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രമാണ് തങ്ങള്‍ ടിടിഡിയ്ക്ക് നെയ്യ് വിതരണം ചെയ്തതെന്ന് എആര്‍ ഡയറിയുടെ വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ സ്ഥാപനമാണ് എ. ആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്.