ലഹരിയുടെ വ്യാപനം ഇല്ലാതാകണമെങ്കിൽ കേരളസമൂഹം ഒന്നിച്ച് നിൽക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഒന്നോ രണ്ടോ പേരെ അവിടെയും ഇവിടെയും പിടിച്ചിട്ട് കാര്യമില്ല. ഇതിന്റെ ഉറവിടം കണ്ടെത്തി അവിടെയാണ് പരിശോധനകൾ ശക്തമാകേണ്ടത്. മികച്ച പൊലീസ് സംവിധാനം എന്ന് പറയുന്ന കേരളത്തിൽ എങ്ങനെ ലഹരി ഒഴുകുന്നുവെന്നും മാർ കൂറിലോസ് പറഞ്ഞു.എടുക്കേണ്ട മുൻകരുതലുകൾ നേരത്തെ പൊലീസ് സ്വീകരിക്കണമായിരുന്നു. കലാലയങ്ങൾ ലഹരി മയമാകുന്ന കാലം. സംവിധാനങ്ങൾ ഉണർന്നത് വൈകി പോയി എന്നാണ് തോന്നുന്നത്. നമ്മുടെ നിയമങ്ങൾ ഒരുപാട് മാറേണ്ടതുണ്ട്. ചെറിയ അളവിലെല്ലാം ഇതൊക്കെ നടക്കുന്നുണ്ട്. എന്നാൽ ഇത്ര വലിയ അളവിൽ ലഹരി കണ്ടെത്തുന്നതെല്ലാം ആദ്യമായിട്ടാണ്.കളമശേരി പോളിടെക്നിക് കോളജ് പ്രിൻസിപ്പലിന്റെ പ്രതികരണം ബാലിശമാണ് വളരെ ലാഘവത്തോടുകൂടിയാണ് അദ്ദേഹം ഇത് പറഞ്ഞത് പോലും. ഒരു പ്രിൻസിപ്പലിന് യോജിച്ച പ്രസ്താവന അല്ല അദ്ദേഹം നടത്തിയത്. ചെറിയ അളവ് എന്ന് പറഞ്ഞത് എന്ത് അർത്ഥത്തിലായിരുന്നു? അപ്പോൾ ഈ വിവരങ്ങളെല്ലാം പ്രിൻസിപ്പലിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഇതെല്ലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.അതേസമയം, കളമശേരി പോളിടെക്നിക്ക് ലഹരി വേട്ടയിലെ പ്രധാന പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. മൂന്നാം വർഷ വിദ്യാർഥിക്ക് വേണ്ടിയാണ് അന്വേഷണം. ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ് പൊലീസ്. ആലുവയിലെ ഇതര സംസ്ഥാനക്കാരനെ കേന്ദ്രികരിച്ചും അന്വേഷണം ശക്തമാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.