പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി. പത്തനംതിട്ടയിലാണ് ഇത്തരമൊരു ഗുരുതര വീഴ്ച ഉണ്ടായത്.
സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടർന്ന്, നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കളക്ടറുടെ നടപടി ഉണ്ടായത്.
നടപടി നേരിട്ട ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.
വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി പ്രശ്നം പരിഹരിച്ചിരുന്നു എന്ന് ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും വീഴ്ചയിൽ ക്രിമിനൽ നിയമ നടപടി എടുക്കുമെന്നും സൈബർ സെല്ലിന് പരാതി നൽകുമെന്നും ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനർവിന്യസിച്ചുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി രംഗത്തെത്തിയത്.
പോളിംങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്നായിരുന്നു ആന്‍റോ ആന്‍റണിയുടെ ആരോപണം.
ഇന്ന് പോളിങ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംങ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.