ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ മൗത്ത് പബ്ലിസിറ്റി ലഭിച്ചാലാകട്ടെ സിനിമ വലിയൊരു വിജയം നേടുമെന്ന് ഉറപ്പുമാണ്. ഇതിനകം നിരവധി സിനിമകൾ മലയാളത്തിൽ വന്നു കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് പൊൻമാൻ. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ്.ജനുവരി 30നാണ് ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന വേഷങ്ങളിൽ എത്തിയ പൊൻമാൻ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ ചിത്രം നേടിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.46 കോടി രൂപയാണ് രണ്ട് ദിവസത്തിൽ പൊൻമാൻ നേടിയത്. ഇന്ത്യയിലെ മാത്രം കളക്ഷനാണിത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ സിനിമയ്ക്ക് മികച്ചൊരു കളക്ഷൻ ഈ ദിനങ്ങളിൽ നേടാനാകുമെന്നാണ് വിലയിരുത്തലുകൾ. സമീപകാലത്ത് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. രോമാഞ്ചം, ആവേശം എന്നീ സൂപ്പർ ഹിറ്റുകളിലൂടെ ശ്രദ്ധനേടിയ സജിൻ ഗോപു കൂടി ബേസിനൊപ്പം എത്തിയതോടെ പൊൻമാൻ കസറിക്കയറി. തൊട്ടതെല്ലാം പൊന്നാക്കി പൊൻമാൻ മുന്നേറുകയാണ്.