ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ അതിവേഗ നീക്കം നടത്താൻ ഒരുങ്ങി ആപ്പിൾ.ട്രംപിന്റെ നയങ്ങൾ നിലവിൽ വരുന്നതിന് മുൻപായി പരമാവധി ഡിവൈസുകൾ ആപ്പിൾ സ്റ്റോക്ക് ചെയ്‌തെന്നും, മാർച്ച് അവസാനത്തോടെ ഇന്ത്യ ,ചൈന എന്നിവിടങ്ങളിൽ നിന്നുമായി അഞ്ച് ഫ്‌ളൈറ്റ് നിറയെ ആപ്പിൾ ഡിവൈസുകൾ അമേരിക്കയിൽ എത്തിച്ചതായുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പുതിയ നികുതി നിലവിൽ വന്നാൽ ഉണ്ടാകുന്ന വിലവർധന തടയാൻ ആണ് കമ്പനി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നത്.ഇപ്പോൾ കമ്പനി പുതിയ സ്റ്റോക്കുകൾ കയറ്റി അയക്കുന്ന സീസൺ അല്ലാതിരുന്നിട്ടും പകരച്ചുങ്കം വന്നാൽ ഉണ്ടാകുന്ന സാഹചര്യം മനസ്സിലാക്കി പ്രൊഡക്ഷൻ വേഗത്തിലാക്കി പരമാവധി ഡിവൈസുകൾ കമ്പനി ഇതിനോടകം അമേരിക്കയിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.ട്രംപിന്റെ തീരുവ പ്രഖ്യാപത്തിന് മുൻപുള്ള സ്റ്റോക്ക് ആയതിനാൽ തന്നെ നിലവിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന ഡിവൈസുകൾ പഴയ വിലയിൽ തന്ന് ലഭിക്കും,കൂടാതെ വിപണയിൽ ആപ്പിൾ ഡിവൈസുകളുടെ വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.പുതിയ നികുതിയിൽ ഐഫോണുകളുടെ വില വർധിക്കുമെന്ന ഭയത്താൽ ആളുകൾ പുതിയവയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ധൃതി കൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട്.എന്നാൽ ഇറക്കുമതി തീരുവ നിലവിൽ വരുമ്പോൾ അമേരിക്കയിൽ ഇറക്കുന്ന ആപ്പിൾ ഡിവൈസുകൾക്ക് പുതിയ നികുതി നൽകേണ്ടി വരും.അപ്പോൾ അവയ്ക്ക് വിലയും വർധിക്കും,ഈ വർധന അമേരിക്കയിൽ മാത്രമല്ല എല്ലാ രാജ്യങ്ങൾക്കും ബാധകമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു.ആപ്പിൾ ഡിവൈസുകൾക്ക് ലോകമെമ്പാടും ആരാധകർ ഉണ്ടെങ്കിലും അവരുടെ പ്രധാന വിപണി കേന്ദ്രം യുഎസ് തന്നെയാണ്.ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കം ഇന്ത്യയ്ക്കും തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ പറയുന്നത് ,എന്നാൽ ചില നേട്ടങ്ങളും ഇതുവഴി ലഭിക്കാൻ സാധ്യതയുണ്ട്, ആപ്പിൾ ഡിവൈസുകളുടെ നിർമാണം ഇന്ത്യയിലേക്ക് കൂടുതലായി വ്യാപിപ്പിക്കാൻ ഇത് സഹായകമാകും.കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലെ ഐഫോൺ ഡിവൈസുകളുടെ നിർമാണത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. അധിക നികുതിയായി നൽകുന്ന പണം ഇന്ത്യയിൽ ഐഫോൺ നിർമാണം വ്യാപിപ്പിക്കാനായി വിനിയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതയാണ് വിവരം.