പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും 2 ദിവസത്തേക്ക് കേരളത്തിലെത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും.
കൂടാതെ ക്ഷേത്രദർശനവും നടത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.
ജനുവരി 3 ന് പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരിൽ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തേക്കിൻകാട് മൈതാനത്ത് നടന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയിൽ പി ടി ഉഷ, മിന്നു മണി തുടങ്ങിയവരും പങ്കെടുത്തു. ഇതിനൊപ്പം തന്നെ പെൻഷൻ പ്രശ്നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തിയിരുന്നു.