ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള മുംബൈ ബാന്ദ്രാ പാലി ഹിൽസിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് 30 കോടി രൂപയ്ക്കു വാങ്ങിയത്.4 കാറുകൾ പാർക്ക് ചെയ്യാം.1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്സ് അറിയിച്ചു.
നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലിൽ തന്നെ താരം വാങ്ങിയിരുന്നു. രൺവീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹിൽസിൽ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റനൗട്ട് 20 കോടി രൂപയ്ക്ക് 2017ൽ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.