എമ്പുരാന്റെ അഞ്ചാമത്തെ ക്യാരക്റ്റർ പോസ്റ്ററായി മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാമദാസിന്റെ പോസ്റ്റർ എത്തി. ലൂസിഫറിൽ ഏറെ ശ്രദ്ധ നേടിയ പ്രിയദർശിനിയെന്ന കഥാപാത്രം നടിയുടെ തിരിച്ചു വരവിനു ശേഷം ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു.ക്യാരക്റ്റർ പോസ്റ്ററിന്റെ സ്പെഷ്യൽ വിഡിയോയിൽ താൻ അഭിനയിച്ചതിൽ ഏറ്റവും ശക്തമായ കഥാപാത്രം പ്രിയദർശിനി തെന്നെയുന്നതിൽ തനിക്ക് യാതൊരു സംശയവും ഇല്ല എന്നാണ് മഞ്ജു വാര്യർ പറഞ്ഞിരിക്കുന്നത്.എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങൾ എടുത്തു പറയുമ്പോൾ അവയിൽ മിക്കതും ലാലേട്ടനോടൊപ്പം അഭിനയിച്ചവയാണ്. എമ്പുരാനിലും വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം. വളരെയധികം ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് പ്രിയദർശിനിയുടേത്. കഥാപാത്രത്തിനുള്ളിലെ സംഘർഷങ്ങളും സങ്കീർണതകളും എന്നെ എത്രയൊക്കെ ആകർഷിച്ചിട്ടുണ്ടോ അത്ര തന്നെ വെല്ലുവിളികളും സമ്മാനിച്ചിട്ടുണ്ട്” മഞ്ജു വാര്യർ പറയുന്നു.