വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിൻ്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം.
യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ ഗ്രാമീണ ബാങ്കിൻ്റെ റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വന്‍ തോതില്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
ദുരിത ബാധിതരുടെ പണം അക്കൗണ്ടില്‍ നിന്നും പിടിച്ച ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ബാങ്കിനെതിരെ ക്യാമ്പയിന്‍ നടത്തും.
പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്നും ഡിവൈഎഫ്‌ഐ ചോദിച്ചു. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ സകല ബ്രാഞ്ചിലേക്കും സമരം വ്യാപിപ്പിക്കുമെന്നും വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.