ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റേയും മകളും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടേയും ധാക്കയിലെ വസതി ഇടിച്ചുനിരത്തി പ്രതിഷേധക്കാര്‍. ഹസീനയുടെ രാഷ്ട്രീയ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സോഷ്യല്‍ മീഡിയയിലൂടെ ഷെയ്ഖ് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
ബുധനാഴ്ച്ച രാത്രി ഒമ്ബതിനാണ് ഹസീന സോഷ്യല്‍ മീഡിയവഴി പൗരന്‍മാരോട് സംസാരിച്ചത്. അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹസീന സംസാരിച്ചത്. നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ അവര്‍ ആഹ്വാനംചെയ്തു. 16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.