മെക്സിക്കോയിലെ ഒരു അഗ്നിപര്‍വ്വതമാണ് പ്യാരിക്യൂട്ടിന്‍.
1943 ഫെബ്രുവരി 20-ന് മെക്സിക്കോയിലെ പ്യാരിക്യൂട്ടിന്‍ എന്ന ഗ്രാമത്തിലെ പുലിഡോ എന്ന കൃഷിക്കാരന്‍ അടുത്ത കൃഷിക്കായി വയല്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി ഉണങ്ങിയ ചെടികളും ഇലകളും കൂന കൂട്ടി കത്തിച്ചു.
വൈകുന്നേരമായപ്പോള്‍ വിചിത്രമായ ഒരു കാര്യമാണ് അയാള്‍ കണ്ടത്.
കൃഷിസ്ഥലത്തെ മണ്ണ് 150 അടിയോളം ഉയര്‍ന്നുനില്‍ക്കുന്നു. മണ്ണ് പിളരുന്ന ശബ്ദവും കുലുക്കവുമുണ്ടായി.
ഉയര്‍ന്ന കുന്നിന്‍റെ മധ്യഭാഗത്തു നിന്ന് ചാരവും പുകയും പുറത്തുവന്നു.
പരിസരമാകെ സള്‍ഫറിന്‍റെ മണം പരന്നു. ഒരു വിധത്തില്‍ പുലിഡോ അവിടെ നിന്നും രക്ഷപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്നുവെച്ചാല്‍ അവിടെ ഒരു അഗ്നിപര്‍വ്വതം ഉയര്‍ന്നതായിരുന്നു.
പ്യാരിക്യൂട്ടിന്‍. രണ്ടു ദിവസത്തിനുള്ളില്‍ അതിന് ഇരട്ടിപൊക്കമായി.
ലാവ പുറത്തേക്കൊഴുകിയപ്പോള്‍ ഗ്രാമത്തിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു.
1353 അടി വരെ ഉയരം വെച്ച അഗ്നിപര്‍വ്വതം 1952-നു ശേഷം പൊട്ടിത്തെറിച്ചിട്ടില്ല.
ഇന്ന് ഇവിടം പികോസോസീ ടാന്‍സിറ്റാരോ നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമാണ്.
ടൂറിസ്റ്റുകള്‍ അഗ്നിപര്‍വ്വതം സന്ദര്‍ശിക്കാന്‍ വരുന്നു.
തോമസ് പി.ലൂയിസ് കുട്ടികള്‍ക്കായി 1983-ല്‍ എഴുതിയ ഹില്‍ ഓഫ് ഫയര്‍ എന്ന കഥ പ്യാരിക്യൂട്ടിനെപ്പറ്റിയുള്ളതാണ്.