വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരുകയും വഖഫ് ഭൂമി തട്ടിയെടുക്കുന്നത് തടയുകയും ചെയ്യും. ഭേദഗതി സംബന്ധിച്ച് കോൺഗ്രസ്സുൾപ്പടെയുള്ള പാർട്ടികൾ നടത്തുന്ന വിഷലിപ്തമായ കുപ്രചരണങ്ങളിൽ നിങ്ങൾ വഴി തെറ്റരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.‘ഞാൻ മുസ്ലിം എന്റെ സഹോദരി സഹോദരന്മാരോട് അഭ്യർത്ഥിക്കുകയാണ്. തലയിൽ വിഷം കലർന്ന പ്രചാരണങ്ങളിൽ വഴി തെറ്റരുത്. മമ്ത ബാനർജിയുടെ പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ നടത്തുന്ന വിഷലിപ്തമായ കുപ്രചരണങ്ങളിൽ നിങ്ങൾ വഴി തെറ്റരുത്. ഈ ബില്ല് പാവപ്പെട്ട മുസ്ലിങ്ങൾക്ക് അനുകൂലമാണ്. മുസ്ലിം സമുദായത്തിനും സ്ത്രീകൾക്കും അനുകൂലമാണ്.ഈ ബില്ല് ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നു. അതുകൊണ്ട് തലയിൽ വിഷം നിറയ്ക്കുന്ന ആളുകളാൽ വഴിതെറ്റപ്പെടരുത്. കോൺഗ്രസ് നുണകൾ പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഒരു ആവശ്യവുമില്ലാതെ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് തള്ളിവിടുന്നു. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരാനും സഹായിക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണിത്. അതുവഴി പാവപെട്ട മുസ്ലിങ്ങൾക്ക് പ്രയോജനം ലഭിക്കും’- രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.