എസ്.പി. വെങ്കിടേഷിന്റെ സംഗീതം വീണ്ടും മലയാളത്തിൽ. രാമുവിന്റെ മനൈവികൾ നവംബർ 22ന് തിയറ്ററുകളിൽ.
പുരുഷാധികാരത്തോട് ചെറുത്തുനിൽക്കുകയും പോരാടുകയും ചെയ്യുന്ന മൂന്നു പെണ്ണുങ്ങളുടെ കഥ പറയുന്ന ‘രാമുവിന്റെ മനൈവികൾ’ നവംബർ 22ന് പ്രദർശനത്തിനെത്തുന്നു. പഠിച്ച് ഡോക്ടറാകാനും ഊരിലെ പാവപ്പെട്ട മനുഷ്യർക്കായി ജീവിക്കാനും ആഗ്രഹിക്കുന്ന മല്ലിയെന്ന ആദിവാസി പെൺകുട്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമയുടെ മുഖ്യപ്രമേയം.
തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. ശിവകാശി, മധുര, പൊള്ളാച്ചി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ബാലു ശ്രീധർ ആണ് നായക വേഷം അവതരിപ്പിക്കുന്നത്. ആദിവാസി പെൺകുട്ടി മല്ലിയായി ആതിര വേഷമിടുന്നു. ശ്രുതി പൊന്നുവാണ് മറ്റൊരു നായിക. ബീന, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സനീഷ്, സി.എ. വിൽസൺ, മനോജ് മേനോൻ, എം. കുഞ്ഞാപ്പ, ഭാഗ്യനാഥൻ, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.
സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ‘രാമുവിന്റെ മനൈവികൾ’ എം.വി.കെ ഫിലിംസും ലെൻസ് ഓഫ് ചങ്ക്സും ചേർന്ന് നിർമിക്കുന്നു. വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവരാണ് നിർമാതാക്കൾ. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ, വൈരഭാരതി എന്നിവരുടെ ഗാനങ്ങൾക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതമൊരുക്കിയതും എസ്.പി. വെങ്കിടേഷ് തന്നെ. പി.ജയചന്ദ്രൻ, രഞ്ജിത്ത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഛായാഗ്രഹണം: വിപിന്ദ് വി രാജ്, എഡിറ്റിംഗ്: പി.സി. മോഹനൻ, കലാസംവിധാനം: പ്രഭ മണ്ണാർക്കാട്, മേക്കപ്പ്: ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ചെന്താമരാക്ഷൻ, വസ്ത്രാലങ്കാരം: ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എം. കുഞ്ഞാപ്പ, അസിസ്റ്റൻറ് ഡയറക്ടർ: ആദർശ് ശെൽവരാജ്, സംഘട്ടനം: ആക്ഷൻ പ്രകാശ്, നൃത്തം: ഡ്രീംസ് ഖാദർ, പ്രൊഡക്ഷൻ മാനേജർ: വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ: മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, ഡബ്ബിംഗ്: ശിവം സ്റ്റുഡിയോസ്, കോഴിക്കോട്, സ്റ്റിൽസ്: കാഞ്ചൻ ടി.ആർ, പി.ആർ.ഒ: അയ്മനം സാജൻ.