രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളം വിരോചിത സമനിലയുമായി സെമിയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് സല്‍മാന്‍ നിസാറായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280 റണ്‍സിന് മറുപടി പറയാനിറങ്ങിയ കേരളം 200-9ലേക്ക് വീണെങ്കിലും അവസാന ബാറ്ററായ ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ വീരോചിത ചെറുത്തുനില്‍പ്പാണ് കേരളത്തിന് ഒരു റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.ഈ ഒരു റണ്‍സ് ലീഡാണ് കേരളത്തിന്‍റെ സെമി പ്രവേശനത്തില്‍ നിര്‍ണായകമായതും. ആദ്യ ഇന്നിംഗ്സില്‍ 112 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍ തന്നെയാണ് രണ്ടാം ഇന്നിംഗ്സില്‍ 162 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന് മുഹമ്മദ് അസറുദ്ദീനൊപ്പമുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് സമനില സമ്മാനിച്ചതും സെമി ടിക്കറ്റ് ഉറപ്പാക്കിയതും. ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടമായി പതറിയപ്പോൾ കൂടെയുണ്ടാവുമെന്ന ബേസില്‍ തമ്പിയുടെ ഉറപ്പാണ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നതില്‍ നിര്‍ണായകമായതെന്ന് സല്‍മാന്‍ നിസാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.