ബലാൽസംഗത്തിനിരയായ പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയതുപ്രകാരമെടുത്ത മറ്റൊരു കേസിൽ 57 കാരൻ അറസ്റ്റിൽ. കാമുകൻ പ്രതിയായ കേസിൽ ഇരയായ 17 കാരിയെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ 57 കാരനെ തിരുവല്ല പോലീസ് പിടികൂടി. കുറ്റപ്പുഴ ചുമത്ര കോട്ടാലി ആറ്റു ചിറയിൽ ചന്ദ്രാനന്ദൻ (57) ആണ് പിടിയിലായത്. ശിശുക്ഷേമസമിതി മുൻകൈയെടുത്ത് കോഴഞ്ചേരി വൺസ് സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ച പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയപ്പോൾ വെളിപ്പെടുത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്. കുട്ടി ഏഴാം ക്ലാസ് പഠിക്കുമ്പോൾ, ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. 2020 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയിലാണ് സംഭവം. കുട്ടിയുടെ മൊഴിപ്രകാരം ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ് പ്രതിയെ ഉടനടി പിടികൂടി. ഉടുവസ്ത്രം അഴിച്ചുകാട്ടുകയും, കുട്ടിയെ അസഭ്യവാക്കുകളും മറ്റും പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്. കുടിക്കാൻ വെള്ളം എടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടശേഷം, എടുത്തു കൊടുക്കുമ്പോഴാണ് ഇയാൾ തന്റെ വീട്ടിൽ വച്ച് മടിയിൽ പിടിച്ചിരുത്തി ലൈംഗികമായി ഉപദ്രവിച്ചത്. ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗൺസിലിംഗിനിടെ കുട്ടി പറഞ്ഞു.
പ്രതിയെ വീടിനു സമീപത്ത് നിന്നും ഉടനെ തന്നെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ കുട്ടിയെകാട്ടി ഇയാളെ തിരിച്ചറിഞ്ഞു.തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് ഐ ഐ ഷിറാസ്, ഏ എസ് ഐജയകുമാർ എസ് സി പി ഓമാരായ ജയ , അഖിലേഷ് , സി പി ഒ അവിനാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
