സൗദിയിൽ സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ചു.
ഫിലിം കമീഷൻ ഡയറക്റ്റ് ബോർഡ് ആണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.
സ്ഥിരവും താത്കാലികവുമായ സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസാണ് കുറച്ചത്.
സിനിമാ ലൈസൻസുകളുടെയും ടിക്കറ്റ് ഫീസിന്റെയും നിരക്ക് അന്താരാഷ്ട്ര ശരാശരിക്ക് അനുസൃതമായാണ് കുറച്ചത്.
ടിക്കറ്റ് നിരക്ക് കുറയ്ക്കാനും പൊതുജനങ്ങൾക്ക് ആകർഷകമായ പ്രമോഷനുകൾ നൽകാനും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനുമാണിത്.
രാജ്യത്ത് ധാരാളം സിനിമാശാലകൾ തുറക്കുന്നതിനും നിലവിലെ സ്‌ക്രീനുകളുടെ വിപുലീകരണത്തിനും സൗദി സിനിമകളുടെ വിശാലമായ പ്രദർശനത്തിനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറക്കാനുള്ള തീരുമാനമെന്ന് ഫിലിം കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനും സാംസ്കാരിക മന്ത്രിയുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ തന്റെ ‘എക്സ്’ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
സിനിമ മേഖലയിലെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.