“ആരോഗ്യ തരംഗം ” മുന്നേയൊരുങ്ങാം മുമ്പേ ഇറങ്ങാം. പകർച്ചവ്യാധി നിയന്ത്രണ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ “ഹെപ്പറ്റൈറ്റിസ് എ- അറിയാം പ്രതിരോധിക്കാം” എന്ന വിഷയത്തിൽ കുറഞ്ഞത് 30 സെക്കൻ്റ് മുതൽ പരമാവധി 50 സെക്കന്റ് ദൈർഘ്യത്തിൽ ഉള്ള റീൽസ് തയ്യാറാക്കി പേര്, വിലാസം, ഫോൺനമ്പർ, കോഴ്സ്, കോളേജ് എന്നിവ സഹിതം ജനുവരി നാലിനകം demohealthpkd@gmail.com ലേക്ക് അയക്കേണ്ടതാണ്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം പാരിതോഷികമായി ലഭിക്കും.
പാലക്കാട് ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം. ഒറ്റയ്ക്കോ ഗ്രൂപ്പായോ മത്സരത്തിൽ പങ്കെടുക്കാം. പഠിക്കുന്ന കലാലയത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ കത്ത് ഹാജരാക്കേണ്ടതാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള റീൽസായാണ് സമർപ്പിക്കേണ്ടത്. ഹെപ്പറ്റൈറ്റിസ് എ – രോഗവും പ്രതിരോധവും സംബന്ധിച്ച വിഷയം മാത്രമേ മത്സരത്തിന് പരിഗണിക്കൂ. മത്സരത്തിൽ വിജയിക്കുന്ന റീൽസുകൾ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. റീൽസുകളുടെ പകർപ്പാവകാശം ജില്ലാ മെഡിക്കൽ ഓഫീസിന് മാത്രമായിരിക്കും. പരമാവധി 50 എം.ബി. യിൽ താഴെയുള്ള വീഡിയോ ഫയലുകൾ ആയാണ് റീൽസ് അയക്കേണ്ടതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. വിദ്യ. കെ. ആർ അറിയിച്ചു. രജിസ്ട്രേഷൻ സൗജന്യമാണ്. ഫോൺ: 9446396166, 9946211528.