ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് 6,64,99,621 രൂപ വകയിരുത്തിയിട്ടുള്ളത്.
കൈത്തൊഴിലുകള്‍, കലകള്‍, കരകൗശല വിദ്യ, നാടന്‍ പാചകം തുടങ്ങിയവയുമായി കോര്‍ത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാകും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതിക്കായി 1,81,09,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ബേപ്പൂര്‍ ആര്‍ടി പദ്ധതി വികസനം (1,15,00,000 രൂപ), ആര്‍ടി മിഷന്‍ പ്രൊമോഷന്‍, മാര്‍ക്കറ്റിങ് (1,00,00,000 രൂപ), ആര്‍ടി മിഷന്‍ സൊസൈറ്റി 202425 രണ്ടം ഘട്ട വികസനം (90,99,381 രൂപ), പങ്കാളിത്ത വിനോദസഞ്ചാര പദ്ധതികളുടെ തുടര്‍ച്ച (50,00,000 രൂപ), ആര്‍ടി പരിശീലന പരിപാടി (38,10,000 രൂപ) എന്നീ പദ്ധതികള്‍ക്കായും തുക അനുവദിച്ചിട്ടുണ്ട്. ഭരണ, പ്രവര്‍ത്തന ചെലവുകളുടെ ആദ്യഘട്ടത്തിനായി 89,81,240 രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.
വലിയപറമ്പ, ബേഡഡുക്ക, ധര്‍മ്മടം, പിണറായി, അഞ്ചരക്കണ്ടി, കടലുണ്ടി, കൂടരഞ്ഞി, കൂരാച്ചുണ്ട്, നെല്യാടി, ചേകാടി, തിരുനെല്ലി, നെല്ലിയാമ്പതി, തിരുവില്വാമല, തൃത്താല, പട്ടിത്തറ, മുഹമ്മ, ചെമ്പ്, കുമരകം, മറവന്‍തുരുത്ത്, കാന്തല്ലൂര്‍, വട്ടവട, ആറന്മുള, മണ്ട്രോതുരുത്ത്, അഞ്ചുതെങ്ങ്, സാമ്പ്രാണിക്കോടി, പനങ്ങാട്, വെള്ളറട, അമ്പൂരി, വിതുര എന്നിവ ആര്‍ടി പദ്ധതികളുടെ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
ആര്‍ടി യൂണിറ്റ് പ്രതിനിധികള്‍, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ഹോംസ്‌റ്റേകള്‍, ഫാം/അഗ്രി ടൂറിസം, സര്‍വീസ്ഡ് വില്ല, പാചകരീതി എന്നിവയിലുള്ള പരിശീലനത്തിനു പുറമേ കുമരകത്തെ ആര്‍ടി കേന്ദ്രത്തില്‍ വിനോദസഞ്ചാര മേഖലയില്‍ ഡിജിറ്റല്‍ വിപണനം സംയോജിപ്പിക്കുന്നതിനും നിര്‍മിത ബുദ്ധിയിലും പരിശീലനം നല്‍കും.