ബംഗാൾ: ബംഗാളിൽ തൃണമൂൽ തരംഗം തന്നെ.
ബി ജെ പി പുറത്തും.
എക്സിറ്റ് പോൾ ഫലങ്ങളെ തകർത്തെറിഞ്ഞ് ബംഗാളിൽ മമത ബാനർജിയുടെയും തൃണമൂലിന്റെയും സർവാധിപത്യം.
ബിജെപി വൻഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വന്നെങ്കിലും ജനവിധി ഇത്തവണയും തൃണമൂൽ കോൺഗ്രസിനൊപ്പമായിരുന്നു.
42 ലോക്സഭാ സീറ്റിൽ 29 എണ്ണം തൃണമൂലിനും 12 എണ്ണം ബിജെപിക്കുമാണ് ലഭിച്ചത്.
ബിജെപിയുടെ ദേശീയ നേതാക്കൾ തുടരെത്തുടരെ പ്രചാരണത്തിനെത്തിയിട്ടും ബംഗാളിലെ ജനം പതിവുപോലെ മമതയ്ക്കൊപ്പം നിന്നു.
അതേസമയം, ഇവിടെ കോൺഗ്രസിന് ഒറ്റ സീറ്റു മാത്രമാണ് ലഭിച്ചത്.
അസൻസോളിൽ തൃണമൂൽ കോൺഗ്രസിനുവേണ്ടി മത്സരിച്ച ശത്രുഘ്നൻ സിൻഹ അര ലക്ഷത്തിലധികം വോട്ടിന് വിജയിച്ചു.
34 വർഷം തുടർഭരണം നടത്തിയിരുന്ന സിപിഎമ്മിന് നിരാശ മാത്രമാണ് ബംഗാളിൽ ബാക്കി.
മൽദാഹ ദക്ഷിണ്‍ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് സ്ഥാനാർഥി ഇഷ ഖാൻ ചൗദരി മുന്നിലെത്തിയത്.
ബഹറംപുരിൽ മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ തോൽപ്പിച്ച് തൃണമൂൽ സ്ഥാനാർഥിയായ മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ 70,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തു.