കായിക മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും. ‘കംബാക്ക് ഓഫ് ദ് ഇയർ’ പുരസ്കാരത്തിനാണ് പന്തിന് നോമിനേഷൻ ലഭിച്ചത്. കാർ അപകടത്തിൽ പരിക്കേറ്റ പന്ത് കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു.പ്രചോദിപ്പിക്കുന്ന ഈ തിരിച്ചുവരവിനാണ് പന്ത് പുരസ്കാര പട്ടികയിൽ ഇടം പിടിച്ചത്. സച്ചിൻ ടെണ്ടുൽക്കർ ആണ് ലോറസ് പുരസ്കാരം നേടിയിട്ടുള്ള ഒരേയൊരു ക്രിക്കറ്റ് താരം.2022 ഡിസംബര്‍ 30-ന് കാറപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു റിഷഭ് പന്ത്. ഡല്‍ഹി – ദെഹ്റാദൂണ്‍ ഹൈവേയില്‍വെച്ച് ഋഷഭ് ഓടിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനം പൂര്‍ണമായി കത്തിനശിച്ചിരുന്നു. പന്തിന്റെ മെഴ്സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത്. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തീവ്രപരിചരണങ്ങള്‍ക്കുശേഷമാണ് ഋഷഭ് ടീമില്‍ തിരിച്ചെത്തിയത്.അതേസമയം ഐപിഎൽ ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകിയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ ടീം കൊണ്ടുവന്നത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്‌നൗ സ്വന്തമാക്കിയത്. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ഡല്‍ഹി പന്തിനായി 20.75 കോടിരൂപയ്ക്ക് രംഗത്തെത്തിയെങ്കിലും അതെല്ലാം നിഷ്പ്രഭമാക്കി 27 കോടി രൂപയ്ക്ക് ലക്‌നൗ സ്വന്തമാക്കുകയായിരുന്നു.