ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്.
ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം കോടതിയില്‍ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പലരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഇഷ ഫൗണ്ടേഷൻ ക്യാമ്ബസ് പരിസരത്ത് ശ്മശാനമുണ്ടെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇഷ ഫൗണ്ടേഷനിലെ ആശുപത്രി അന്തേവാസികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ട് കോയമ്പത്തൂർ പോലീസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇഷ ഫൗണ്ടേഷനില്‍ വിവിധ കോഴ്സുകള്‍ക്കായി എത്തി പിന്നീട് കാണാതായവരെ സംബന്ധിച്ച പരാതികളും 23 പേജുകളടങ്ങുന്ന റിപ്പോർട്ടിലെ വിശദാംശങ്ങളിലുണ്ട്.