കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനും പഠന പ്രവർത്തനങ്ങൾ പ്രായോഗികതലത്തിൽ അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് സ്‌കൂൾ ശാസ്‌ത്രോത്സവമെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
സെൻറ് മൈക്കിൾസ് എ.ഐ എച്ച്.എസ്.എസിൽ കണ്ണൂർ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ വിധം ശാസ്ത്രരംഗത്തേക്ക് വിദ്യാർഥികളെ നയിക്കണമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രമേള, ശാസ്ത്ര നാടകം എന്നിവ സെൻറ് തെരേസാസ് എഐ എച്ച്എസ്എസിലും ഗണിതം, ഐടി മേള സെൻറ് മൈക്കിൾസ് എഐ എച്ച്എസ്എസിലും സാമൂഹ്യ ശാസ്ത്രമേള ജിജിഎച്ച്എസ്എസ് പയ്യാമ്പലത്തും പ്രവൃത്തി പരിചയമേള ചൊവ്വ എച്ച്എസ്എസിലുമാണ് നടക്കുന്നത്. മേളകൾ ഒക്ടോബർ 25 ന് സമാപിക്കും.
കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ അഡ്വ. കെ.കെ രത്‌നകുമാരി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ അഡ്വ. ടി സരള, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, സെന്റ് മൈക്കിൾസ് സ്‌കൂൾ മാനേജർ ഫാ. ഫ്രാൻസിസ് രാജു അഗസ്റ്റിൻ, പ്രിൻസിപ്പൽ സി.കെ മനോജ് കുമാർ, സ്വീകരണ കമ്മിറ്റി കൺവീനർ കെ മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.