ബിപിൻ ചന്ദ്രൻ
ജി. അരവിന്ദൻ്റെ ചെറിയ മനുഷ്യരും വലിയ ലോകവും ,
ടോംസിന്റെ ബോബനും മോളിയും,
എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം,
ഈ പക്തികൾക്കൊക്കെ പൊതുവായ ഒരു പ്രത്യേകത ഉണ്ടായിരുന്നു.
പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന കാലത്ത് ആനുകാലികങ്ങളുടെ പിൻപേജുകളിലായിരുന്നു ഇവയൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നത്.
മാതൃഭൂമിയും കലാകൗമുദിയുമൊക്കെ അക്കാലങ്ങളിൽ ഒരുപാട് പേർ പിന്നിൽ നിന്നായിരുന്നു വായിച്ചു തുടങ്ങിയിരുന്നത്.
മേല്പറഞ്ഞ പംക്തികളുടെ പാരായണക്ഷമതയും കലാത്മകതയും കാലികതയും ഹാസ്യാത്മകതയും വ്യത്യസ്തതയും വേറിട്ട വീക്ഷണകോണും ജനകീയതയുമായിരുന്നു അതിനു കാരണം.
ഇന്ന് വാരികകളുടെയും മാസികകളുടെയുമൊക്കെ സർക്കുലേഷൻ അമ്പരപ്പിക്കുന്ന വിധത്തിൽ ഇടിഞ്ഞു താഴെപ്പോയിട്ടുണ്ട്.
അത് ആൾക്കാർ
“കള്ളുഷാപ്പിലിരുന്ന് കുണുകുണാ പറയുകയോ
മേടയിലിരുന്ന് താളത്തിൽ പറയുകയോ” ചെയ്യുന്ന പരദൂഷണപ്രസ്താവനയല്ല. പകൽപോലെ വ്യക്തമായൊരു പച്ചപ്പരമാർത്ഥമാണ്.
(എന്നാൽ പുസ്തകങ്ങളുടെ കച്ചവടം കൂടിയിട്ടുമുണ്ട്.)
ആരു പറഞ്ഞാലും തുറക്കില്ലെന്ന ശാഠ്യത്തിൽ കണ്ണുകൾ ഇറുക്കിയടച്ചിരിക്കുന്നതിനാൽ പലരുമത് കാണുന്നില്ലെന്നേയുള്ളൂ.
തൊണ്ണൂറുകൾ മുതൽ ആനുകാലികങ്ങൾ ശേഖരിച്ച് അടുക്കിക്കെട്ടിവയ്ക്കുന്ന ഒരുത്തനെന്ന നിലയിൽ വ്യക്തിപരമായി വലിയ സങ്കടം തോന്നിയിട്ടുള്ള ഒരു കാര്യമാണിത്.
പത്രാധിപസമിതികളുടെ വരേണ്യമനോഭാവവും കാലഹരണപ്പെട്ട കലാസങ്കൽപങ്ങളും തൊട്ട് എഴുത്തുകളിലെ പുതുമയില്ലായ്മ വരെയുള്ള കാക്കത്തൊള്ളായിരം ന്യായങ്ങൾ ഇതിനു കാരണമായി പല മാധ്യമപണ്ഡിതരും നിരീക്ഷകരും നിരത്തുന്നത് കാണാം.
അതിൻ്റെ ശരിതെറ്റുകൾ വിസ്തരിക്കാനും ആരെയെങ്കിലും വലിച്ചുകീറി പോസ്റ്ററൊട്ടിക്കാനും ഇവിടെയുദ്ദേശിക്കുന്നില്ല.
പക്ഷേ പണ്ടത്തെപ്പോലെ ആളുകൾ കാത്തിരുന്ന് വായിക്കുന്ന ഒരു പംക്തി ഇന്ന് വാരികകളിൽ കാണാൻ കിട്ടുന്നില്ല എന്നത് വാസ്തവമാണ്. തോമസ് ജേക്കബ് സാറിൻ്റെ കഥക്കൂട്ട് മലയാള മനോരമയിൽ തുടരുന്നത് കോളം വായനക്കാരെ സംബന്ധിച്ചിടത്തോളം അവസാനത്തെ ഓക്സിജൻ സിലിണ്ടറാണെന്ന് പറയാം.
സ്ഥിരം ആഴ്ചപ്പതിപ്പ് വായനക്കാർ ഒരു രക്ഷകന്റെ ലാഞ്ഛനം പോലും കാണാതെ ശിവരഞ്ജിനി രാഗത്തിൽ
പരമ്പരാഗത കഥാപ്രസംഗത്തിലെന്ന പോലെ ‘ ത ത ത്ത ത ത്തേ ‘ എന്ന് സങ്കടത്തിന്റെ ഹാർമോണിയപ്പെട്ടി മീട്ടിയിരിക്കുകയായിരുന്നു.
ആ സാഹചര്യത്തിലാണ് ഡ്രൈ ഡേയിൽ മുഴുക്കുടിയന് മുന്നിൽ പൈന്റ് കുപ്പിയെന്ന പോലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കോളം പ്രത്യക്ഷപ്പെടുന്നത്.
രാം മോഹൻ പാലിയത്തിന്റെ വെബിനിവേശം.
‘ നിരാശയുടെ കവലയിൽ പ്രജ്ഞയറ്റ് നിന്നുപോയ നിങ്ങളുടെ വാച്ചുകൾക്ക് കീ കൊടുക്കുവിൻ, ഈ നിശ്ശബ്ദമണിക്കൂറിന്റെ ആഴത്തിൽ വസന്തത്തിന്റെ ഇടിമുഴക്കമുണ്ട് ‘
അലാറം കേട്ട് കിടക്കപ്പായിൽ നിന്ന് പരീക്ഷാദിവസമുണരുന്ന ഉഴപ്പൻ കോളേജ്കുമാരനെപ്പോലെ ഓർമ്മയിൽ നിന്ന് പ്രിയകവിയുടെ വരികൾ ബോധമണ്ഡലത്തിലേക്ക് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു വന്നു.
ആഴ്ചപ്പതിപ്പ് വായനയ്ക്ക് വീണ്ടും ഒരുഷാറ് വന്നു. ഊർജ്ജം വന്നു.
വായനാവിപ്ലവം വെണ്ടുരുത്തിപ്പാലത്തിൻ്റെ തൊട്ടപ്പുറം വരെ വന്നു നിൽപ്പുണ്ടെന്നും വലിയ താമസമില്ലാതെ സിറ്റിയിൽ കയറി സകല മനുഷ്യരെയുമത് കീഴടക്കുമെന്നുമൊരു പ്രതീതി ചുമ്മാതെ കൈവന്നു.
ദാസാ, എന്തൊരു മനോഹരമായ നടക്കാത്ത സ്വപ്നം.
പക്ഷേ ചില നടക്കാത്ത സ്വപ്നങ്ങളൊക്കെ കാണാനൊരു സുഖമെങ്കിലുമുണ്ടല്ലോ.
ഒരു കോപ്പും നടന്നില്ലെങ്കിലും
കുറഞ്ഞപക്ഷം ആഴ്ചയിൽ ആഴ്ചയിൽ വാരിക വരുന്നത് കാത്തിരിക്കാനൊരു കാരണമുണ്ടെന്നായി.
പണ്ട് എം.പി. നാരായണപിള്ള തന്നതുപോലുള്ള ഒരു കിക്ക് കിട്ടിത്തുടങ്ങി.
നിർത്തിയ മാതൃഭൂമി പിന്നെയും വരുത്തിത്തുടങ്ങിയെന്നും പത്രത്തിനൊപ്പം ഒരാചാരത്തിന് തിണ്ണയിൽ വന്നുവീണിരുന്ന വാരികയെടുത്ത് വായിക്കാൻ തുടങ്ങിയെന്നും ചിലരൊക്കെ പേഴ്സണലായിട്ടു പറഞ്ഞതു കേൾക്കാനിടയായി.
പലരും പഴയതുപോലെ പിന്നാമ്പുറത്തു നിന്ന് തുടങ്ങി.
കുറേപ്പേർ റിവേഴ്സിലിങ്ങു പോന്ന് ഉമ്മറം വരെയെത്തുകയും ചെയ്തു.
ഇപ്പോഴിതാ ആഴ്ചപ്പതിപ്പിൽ വന്ന കോളങ്ങൾ സമാഹരിച്ച് മാതൃഭൂമി ബുക്സ് വെബിനിവേശം പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുകയാണ്.
കാശുമുടക്കി ഈ പുസ്തകം മേടിച്ചാൽ സാധാരണക്കാർക്ക് കുറ്റബോധം തോന്നാൻ സാധ്യതയില്ലെന്നാണ് എൻ്റെയൊരു തോന്നൽ.
അസാധാരണക്കാരുടെ കാര്യം നമുക്ക് പറയാൻ പറ്റില്ലല്ലോ.
അതിപ്പോ താജ്മഹൽ കാണിച്ചു കൊടുത്താലും ഇതിനെക്കാൾ എത്രയോ നല്ല കെട്ടിടങ്ങളുണ്ടിന്ത്യയിലെന്നു കുറ്റംപറയുന്നവരുണ്ടാകും.
അവർക്കതിനുള്ള ന്യായങ്ങളും നിരത്താനുണ്ടാകും.
യഥാർത്ഥത്തിൽ, താജ്മഹലിനെക്കാൾ മനോഹരങ്ങളായ കെട്ടിടങ്ങൾ ഉണ്ടാകും.
അല്ലെങ്കിലും കാണുന്നവന്റെ കണ്ണിലാണല്ലോ സൗന്ദര്യം.
അത് പറയുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യവുമാണ്.
പക്ഷേ സാധാരണക്കാരായ ബഹുഭൂരിപക്ഷം ആളുകളും താജ്മഹൽ കണ്ടു സന്തോഷിക്കുന്നു എന്ന വസ്തുതയെ പുച്ഛിക്കുകയും പരിഹസിക്കുകയും അവരുടെ ആനന്ദത്തിന്റെ മുകളിൽ അപ്പിയിട്ടു വയ്ക്കുകയും ചെയ്യേണ്ട കാര്യമില്ലല്ലോ.
പരപുച്ഛക്കാരുടെ പേട്ടകെട്ടിനിടയിൽ നമ്മുടെയൊരു സന്തോഷം നിവർന്നുനിന്ന് പറയാൻ പറ്റില്ല എന്നുള്ളതാണ് ഇപ്പോഴത്തെയൊരു സങ്കടം.
വെബിനിവേശം വാങ്ങിയാൽ കാശ് വസൂൽ എന്ന ഫീലിംഗ് ഉണ്ടാകാൻ മിനിമം ഒന്നല്ല ഒൻപതിലധികം കാരണങ്ങൾ എനിക്കു തോന്നുന്നുണ്ട്.
അതെല്ലാംകൂടി ഇവിടെ വിസ്തരിക്കുന്നില്ല.
ഒന്നാമത്തെ കാര്യം ഈ തലക്കെട്ട് തന്നെയാണ്.
അതിൽ വെബ്ബിന്റെയും അധിനിവേശത്തിന്റെയും അഭിനിവേശത്തിന്റെയുമൊക്കെ അർത്ഥധ്വനികൾ കൂളായി ഡാൻസുകളിച്ചു നിൽക്കുന്നുണ്ട്.
ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ ഇത്രത്തോളം ആറ്റിക്കുറുക്കി അടിപൊളിയായിട്ടവതരിപ്പിക്കാൻ മറ്റേതൊരു വാക്കിന് കഴിയും.
ഗദ്യവൈലോപ്പിള്ളിയാകുന്നു വെബിനിവേശം.
കാച്ചിക്കുറുക്കിയ ക്യാപ്ഷനും കവിതയാകും ചിലപ്പോൾ.
അതേസമയം ഒന്നാംക്ലാസ് ഗദ്യത്തിന്റെ ബെസ്റ്റാംക്ലാസ് ഉദാഹരണം കൂടിയാണ് ഇതിലെ എഴുത്ത്.
കെ. ഭാസ്കരൻ നായരുടെ ഗദ്യത്തിന്റെ തെളിമയെന്തെന്ന് കൃത്യമായിട്ടറിയാവുന്ന എഴുത്തുകാരനാണ് രാം മോഹൻ പാലിയത്ത്.
വെബിനിവേശമെന്ന വാക്കുവിളക്കലിൽ/വാക്കുവിളയിക്കലിൽ തെളിയുന്ന മിടുക്കും പുതുമയും കൂർമ്മതയും നർമ്മബോധവും സാങ്കേതികബോധവും സാമൂഹ്യബോധവും സാമൂഹ്യമാധ്യമബോധവും സാഹിത്യബോധവും ദൃശ്യബോധവും രാം മോഹൻ പാലിയത്തിന്റെ എഴുത്തുകളിലുടനീളം നമുക്ക് കണ്ടെത്താൻ കഴിയും.
പുതിയ കാലത്തിൻ്റെ പലതരം ഭാവുകത്വപരിണാമങ്ങളുമായി കണക്ട് ചെയ്യുന്നു എന്നുള്ളതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
പഴമയിൽ നിന്ന്, താല്പര്യമുള്ള ആൾക്കാരെ പുതുമയിലേക്കെത്തിക്കുന്ന വിക്ഷേപണവാഹനമായും ഇത് വർത്തിക്കുന്നുണ്ട്.
കാണാത്തതിനെയും കണ്ടു പരിചയിക്കാത്തതിനെയും കണ്ടെടുക്കേണ്ടവയെയും കണ്ടിട്ടും കാണാതെ പോകുന്നവയെയുമൊക്കെ കാണാനുള്ള ഒരു സ്പെഷ്യൽ കണ്ണ് ഈ എഴുത്തുകാരന്റെ പ്രത്യേകതയാണ്.
ഈ പുസ്തകത്തിൽ എന്തെല്ലാം എന്തെല്ലാം നിറഞ്ഞു കവിഞ്ഞു കിടക്കുന്നു.
എത്രയെത്ര കൗതുകങ്ങൾ, പുസ്തകങ്ങൾ, പുതുമകൾ, വ്യക്തികൾ, വസ്തുതകൾ, സംഭവങ്ങൾ, ചരിത്രങ്ങൾ, ഭൂമിശാസ്ത്രവിവരങ്ങൾ, സാങ്കേതികതകൾ, കളിതമാശകൾ, കുറുമ്പുകൾ, കോഡുകൾ, കൗണ്ടറുകൾ, പ്രത്യയശാസ്ത്രപ്രശ്നങ്ങൾ, സിനിമകൾ, സാഹിത്യകൃതികൾ, പരസ്യങ്ങൾ, ഡോക്യുമെൻ്ററികൾ, സയന്റിഫിക് സമീപനങ്ങൾ, ഉരുളകൾ, ഉപ്പേരികൾ, കഥകൾ, കവിതകൾ, പാട്ടുകൾ, പാരഡികൾ…………..
പാരാസൈക്കോളജി മുതൽ പക്ഷിശാസ്ത്രം വരെ ഇതിലുണ്ട്.
ഉപ്പുതൊട്ട് കർപ്പൂരം വരെ വിൽക്കുന്ന പലചരക്ക് കടയാണിത്.
പ്ലേസ്റ്റേഷൻ മുതൽ പൊട്ടറ്റോ ചിപ്സ് വരെ കിട്ടുന്ന സൂപ്പർമാർക്കറ്റുമാണിത്.
അൽഫാം മുതൽ അവക്കാഡോ ജ്യൂസ് വരെ കിട്ടുന്ന മോഡേൺ ഫുഡ്കോർട്ടാണിത്.
വാട്ടുകപ്പയും വാട്ടിയമുട്ടയും മുതൽ തോട്ടുമീനും വട്ടുസോഡായും വരെ കിട്ടുന്ന നാടൻതട്ടുകടയുമാണിത്.
” യദി ഹാസ്തി തദന്യത്ര
യന്നേ ഹാസ്തി ന തത്ക്വചിത് “
ഇതിലുള്ളത് മറ്റു പലയിടത്തും കാണും. പക്ഷേ ഇതിലില്ലാത്തത് മറ്റൊരിടത്തും കാണില്ല.
മഹാഭാരതത്തെക്കുറിച്ചുള്ള പറച്ചിലാണ്.
അന്ത മാതൃകയിൽ വെബിനിവേശത്തെക്കുറിച്ച് ഞാൻ പൊക്കിയടിച്ചുകളഞ്ഞെന്ന് പരാതി പറയല്ലേ.
ഇതിലില്ലാത്തത് പലതുമുണ്ട്.
പക്ഷേ ഇല്ലാത്ത പലതിനെയും തപ്പിക്കണ്ടുപിടിക്കാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ടെന്ന കാര്യം തള്ളിക്കളയാൻ കഴിയില്ലതാനും.
വേറൊരു ഗുണമെന്താണെന്ന് വച്ചാൽ ഈ പുസ്തകത്തിൻറെ ഏതു ഭാഗത്തുനിന്നും നമുക്ക് വായിച്ചു തുടങ്ങാമെന്നുള്ളതാണ്.
എവിടെ നിന്ന് ഏത് പേജ് വായിച്ചാലും നമുക്ക് എന്തെങ്കിലുമൊരു ഗുണമുള്ള വിവരം കിട്ടാതിരിക്കില്ല.
പരന്ന വായനയും സ്വയംപുതുക്കലും പുതുമയെ കണ്ടെത്തലും എഴുത്തിലെ മസിലു പിടിക്കാത്ത കളിമട്ടും മലംമുറുക്കമില്ലാത്ത ഭാഷയുമാണ് സാറേ രാം മോഹൻ പാലിയത്തിന്റെ മെയിൻ.
വെബിനിവേശത്തെ വെറുമൊരു പുസ്തകമായി മാത്രമല്ല സാമൂഹ്യ സേവനവും കനപ്പെട്ട ഭാഷാസേവനവുമായിക്കൂടി കാണാനാണ് ഞാൻ താൽപര്യപ്പെടുന്നത്.
ഒരു മുന്നറിയിപ്പുകൂടെ തന്നേക്കാം. ഇതിലെ ഒരധ്യായത്തിൽ എൻ്റെ പേരും പരാമർശിക്കുന്നുണ്ട്.
ഇനി അതിൻ്റെ പേരിലാണ് ഞാനീ തള്ളിമറിക്കുന്നതെന്ന് ആരെങ്കിലും പരാതി പറഞ്ഞാൽ അവരോടൊന്നേ പറയാനുള്ളൂ.
എന്നാ താൻ കേസ് കൊട്…….
ഇതുംകൊണ്ടു വേണമല്ലോ എനിക്കിപ്പം….
അല്ലാതിപ്പം ഞാനെന്നാ പറയാനാ……
ആഞ്ഞുപിടിച്ചാൽ ഒന്നുരണ്ടു കുറ്റം പറയാനൊക്കെയുണ്ട് ഇതിനകത്ത്.
തട്ടിപ്പോയാലും ഞാനത് പറയത്തില്ല.
നോട്ട് ഒൺലി മാത്രമല്ല ബട്ട് ഓൾസോയും അതിനു കാരണമുണ്ട്.
കൊള്ളാവുന്നതിനെയൊക്കെ കുറ്റംപറഞ്ഞ് കേമനാകുന്ന ആ സൈസ് ഇവിടെ എടുക്കത്തില്ല എന്നുള്ളത് പണ്ടേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
പിന്നെ, കുറ്റംപറച്ചിലും കൊതിക്കെറുവു പറച്ചിലുംമാത്രം കുലത്തൊഴിലാക്കിയിട്ടുള്ളവര് കുഴൽക്കണ്ണാടിയും പിടിച്ചിരിക്കുമ്പം നമ്മളെന്തിനാണ് കണ്ണിൽപോലും പെടാത്ത ഒരു മുറിവ് മാന്തിപ്പൊളിച്ചും പിച്ചിപ്പറിച്ചും കുത്തിക്കീറിയുമൊക്കെ കുളമാക്കിയെടുക്കുന്നത്
പറയാനുള്ളത് ഞാൻ പറഞ്ഞു.
ഈ പുസ്തകത്തിൻ്റെ പൈസയ്ക്ക് കൊള്ളാവുന്ന ഒരു മുട്ടൻഹോട്ടലിൽ നിന്ന് നിങ്ങൾക്കൊരു മട്ടൻ ബിരിയാണി കഴിക്കാൻ പറ്റും.
പക്ഷേ ഈ പൈസയ്ക്ക് ഈ പുസ്തകത്തിലുള്ളത്രയും ഐറ്റങ്ങൾ നിങ്ങൾക്ക് മറ്റൊരു പുസ്തകത്തിൽ നിന്നും കിട്ടാൻ പോകുന്നില്ല.
അണ്ടർവരയിട്ട് ഒരു കാര്യം പറയട്ടെ.
പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന,
പുത്തൻ ഭാവുകത്വത്തെ തിരിച്ചറിയുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന,
കിടുകിടുക്കാച്ചി കിണ്ണംകാച്ചി പുസ്തകമാണ് വെബിനിവേശം.
അതിന് ഞാൻ ഗ്യാരണ്ടി.
ഈ ഞാൻ ആരാടാ ഉവ്വേ എന്നൊക്കെ ചോദിച്ചാൽ……
അധിപൻ സിനിമയിലെ മോഹൻലാല് ദൂരദർശൻകേന്ദ്രത്തിലെ പുള്ളിക്കാരനെ വിളിച്ചു പറഞ്ഞപോലൊന്നും ഞാൻ പറയത്തില്ല.
എൻ്റെ അഭിപ്രായം പിന്നെ ഞാനല്ലാതെ വേറെ ആരാ പറയേണ്ടതുവ്വേ എന്ന് മയത്തിൽ ചോദിക്കത്തേയുള്ളൂ.
ഗോഗ്വാ വിളിക്കാനും ഗുസ്തി പിടിക്കാനും വയ്യ.
സത്യമായിട്ടും വയ്യാത്തതുകൊണ്ടാ.
അമ്മച്ചിയാണേ സത്യം.