മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം.
രാഷ്‌ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാൻ രാഷ്‌ട്രത്തലവൻമാർ ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ചടങ്ങിന്റെ ഭാഗമാകും. 8000 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണം.
നക്‌സലുകളും ഭീകരരും ഉള്‍പ്പെടുന്ന രാജ്യവിരുദ്ധ ശക്തികള്‍ അന്നേ ദിവസം പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാരാ-ഗ്ലൈഡറുകള്‍, പാരാ-മോട്ടോറുകള്‍, ഹാംഗ്-ഗ്ലൈഡറുകള്‍, യുഎവികള്‍, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകള്‍, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റുകള്‍ തുടങ്ങിയവയ്‌ക്ക് ഈ മേഖലയില്‍ നാളെയും മറ്റന്നാളും നിരോധനം ഏർപ്പെടുത്തിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു