സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികൾ സ്മാർട്ട് ആക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരുമ്പാവൂ൪ ഒക്കൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിൽ ഇ – സമൃദ്ധ പദ്ധതി ഉടൻ ആരംഭിക്കും. ഓരോ പശുവിനെയും തിരിച്ചറിയുന്നതിനായി പ്രത്യേക മൈക്രോ ചിപ്പ് നൽകും. എം. വി. യു. പദ്ധതിയിൽ ഉൾപ്പെടുത്തി152 ബ്ലോക്കുകളിലായി വെറ്ററിനറി ആംബുലൻസ് നൽകും. ഇതിൽ 29 എണ്ണം നൽകി. അടുത്തത് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മുഴുവൻ കർഷകരുടെയും ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം മൂലം ക്ഷീരകർഷകർ വെല്ലുവിളി നേരിടുന്ന കാലമാണിത്. കഴിഞ്ഞ കൊടുംവേനലിൽ 550 പശുക്കൾ കേരളത്തിൽ ചത്തു പോയി. തുടർന്നുവന്ന തീവ്രമഴയിൽ ഭക്ഷ്യയോഗ്യമായ പുല്ല് പൂർണ്ണമായും ചീഞ്ഞു. പാൽ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന വയനാട് ജില്ലയിലെ മൂന്നു വാർഡുകളിലെ ദുരന്തം ഉൽപാദനത്തെ കാര്യമായി ബാധിച്ചു. ഈ സാഹചര്യത്തിലെല്ലാം സർക്കാർ കർഷക൪ക്കൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി സാജൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജി കുമാർ, എം .കെ. രാജേഷ്, സി. ജെ. ബാബു, കെ. കെ. കർണ്ണൻ, ഡോ. ബിജു ജെ. ചെമ്പരത്തി, ഡോ. എസ്. ശൈലേഷ് കുമാർ, അഡ്വ രമേശ് ചന്ദ് പഞ്ചായത്ത് വികസന സമിതി അംഗങ്ങളായ രാജേഷ് മാധവൻ, അമൃത സജിൻ ,ഇ. എസ്. സനൽ, വാർഡ് മെമ്പർമാർ ജനപ്രതിനിധികൾ ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.