കൊച്ചി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്കണമെന്നും അല്ലെങ്കിൽ അതും അഴിമതിയാണെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.സേവനത്തിൻ്റെ ഗുണമേന്മ അളക്കുന്നത് നിർവ്വഹണത്തിൻ്റെ സമയം പരിഗണിച്ചാണ്. അതുറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു.
സസ്ഥാന വിവരാവകാശ കമ്മിഷൻ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന വിവരാവകാശ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കുസാറ്റിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണം.ഏത് നിയമവും ആദ്യം മനസ്സിലാകേണ്ടത് ജനങ്ങൾക്കാണ്.കൊളോണിയൽ കാലത്താണ് ജനങ്ങളെ സംശയക്കണ്ണോടെ കണ്ടിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരിനായർ അധ്യക്ഷനായി.ആക്ടിൻ്റെ താല്പര്യങ്ങൾ സമയ ബന്ധിതമായി സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമത്തിൻറെ രണ്ടു പതിറ്റാണ്ടു കാലത്തെ സേവനങ്ങൾ ഉദ്യോഗസ്ഥർ സ്വയം വിചാരണയ്ക്ക് വിധേയമാക്കണമെന്ന് വിഷയം അവതരിപ്പിച്ച ഡോ.എ. അബ്ദുൽ ഹക്കിം പറഞ്ഞു.ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ഈ നിയമത്തെ അമ്മ കുഞ്ഞിനെ എന്നപോലെ പരിപാലിക്കണം.അതിനായി ഉദ്യോഗസ്ഥർ ജനപക്ഷത്തുനിന്ന് പ്രവർത്തിക്കണമെന്നും ഡോ. ഹക്കിം പറഞ്ഞു. കമ്മിഷണർമാരായ ഡോ.കെ.എം ദിലീപ്,ഡോ.സോണിച്ചൻ പി.ജോസഫ്,അഡ്വ. ടി.കെ. രാമകൃഷ്ണൻ എന്നിവർ സംവാദം നയിച്ചു. അഡ്വ. എ.അജയ്, എസ്. സജു എന്നിവർ സംസാരിച്ചു.