വിനോദന്മാരുടെ ശ്രദ്ധയ്ക്ക്……

ഡോ.ടൈറ്റസ് പി. വർഗീസ്

ടി. വി. പരസ്യത്തില്‍ പറയുന്നപോലെ വിനോദിന്‍റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല….!

കക്ഷി അവതാരമെടുത്തിട്ട് വര്‍ഷം നാല്‍പ്പത്തിരണ്ടായത്രേ.

പക്ഷേ ഇരുപത്തിരണ്ടിന്‍റെ തിളയ്ക്കുന്ന യൗവനം ആ ശരീരത്തില്‍ ഇപ്പോഴും സിന്ദാബാദ് വിളിച്ച് നില്‍പ്പുണ്ട്.

സെക്സോളജിസ്റ്റിനു മുന്‍പില്‍ സ്മാര്‍ട്ടായി വന്നിരുന്ന വിനോദ് തെല്ലും വളച്ചുകെട്ടില്ലാതെ തുറന്നടിച്ചു.

“ഇപ്പോ എനിക്ക് പഴേപോലെ പറ്റുന്നില്ല ഡോക്ടര്‍…..”

വിനോദ് എന്താണുദ്ദേശിച്ചതെന്നോ എന്താണ് പറ്റാത്തതെന്നോ ഒരു മനശ്ശാസ്ത്രജ്ഞന്‍ കൂടിയായ ഈയുള്ളവന്‍ കിഴിഞ്ഞു ചോദിച്ചില്ല.

‘എല്ലാം കാണുന്നവന്‍ സാക്ഷി, എല്ലാം അറിയുന്നവന്‍ സാക്ഷി’ എന്ന മട്ടില്‍ എന്‍റെ ‘മനശ്ശാസ്ത്ര ജാഡത്താടി’ ഉഴിഞ്ഞ് മൂക്കിന്‍റെ തുമ്പിലേക്ക് താഴ്ത്തിവെച്ച ‘പവറില്ലാജാഡക്കണ്ണടയ്ക്കു’ മുകളിലൂടെ വിനോദിനെ ഞാനൊന്നു ചുഴിഞ്ഞുനോക്കി (ഈ നോട്ടം ഞങ്ങള്‍ മനശ്ശാസ്ത്രവര്‍ഗ്ഗത്തിന്‍റെ ട്രേഡ്മാര്‍ക്കാണേയ്!).

“എന്നു മുതലാ വിനോദേ പറ്റാതായത്….?”

പ്രസിദ്ധീകരിക്കാത്ത കഥ വാരികയില്‍നിന്നും തിരിച്ചുവരുന്ന സ്പീഡില്‍ വിനോദിന്‍റെ മറുപടി വന്നു.

“2001 സെപ്റ്റംബര്‍ പന്ത്രണ്ടുമുതല്‍.”

എന്തേ ഒരുദിവസം ലേറ്റായി?

സെപ്റ്റംബര്‍ പതിനൊന്നായിരുന്നെങ്കില്‍ അതൊരു ആഗോളവിഷയമാകുമായിരുന്നല്ലോ എന്നു ചോദിക്കാന്‍ തുനിഞ്ഞതാണ്.

പക്ഷേ വിഴുങ്ങി.

മനശ്ശാസ്ത്രജ്ഞന്‍റെ സംസാരശൈലിക്ക് അച്ചടിഭാഷയുടെ വടിവും ഗൗരവ(കൃത്രിമ)മുള്ള ആധികാരികതയുടെ അമ്പതുകിലോ തൂക്കവും വേണമല്ലോ.

ഒരുപാട് പറ്റിയതിന്‍റെ (പറ്റിച്ചതിന്‍റെ?) കുറ്റബോധം ഉപബോധമനസ്സില്‍ ഉറഞ്ഞുകൂടിയതാണ് ഇപ്പോള്‍ ഒന്നും ‘പറ്റാതായ’തിന്‍റെ പ്രധാന കാരണമെന്ന് നമുക്ക് ആദ്യമേ പിടികിട്ടി.

നാല്‍പ്പത്തിരണ്ടു വയസ്സിനിടയില്‍ വിനോദിന്‍റെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ പെണ്ണുങ്ങളെ ഒരുമിച്ചു കൂട്ടിയാല്‍ സാമാന്യം ഭേദപ്പെട്ടൊരു ജാഥ സെക്രട്ടറിയേറ്റിനു മുന്‍പിലൂടെ നടത്താം!

‘ഓര്‍മ്മയുണ്ടോ ഈ മുഖം?’ എന്ന് സുരേഷ് ഗോപീ സ്റ്റൈലില്‍ ആ തരുണികളിലാരെങ്കിലും അയാളോടു ചോദിച്ചാല്‍ ‘സോറി ഒരു പിടിയും കിട്ടുന്നില്ല’ എന്നു പറഞ്ഞ് തടിയൂരാനേ കക്ഷിക്കു കഴിയൂ!

മനപ്പൂര്‍വ്വമല്ല; എങ്ങനെയോര്‍ക്കാന്‍!

പ്രായം, ജാതി, മതം, ജില്ല, വിദ്യാഭ്യാസം, ബാദ്ധ്യതകള്‍ ഒന്നും പ്രശ്നമല്ല എന്ന വൈവാഹികപംക്തിയിലെ സ്ഥിരംതട്ടിപ്പു പരസ്യംപോലെ ഇണകളെ (ഇരകളെ!) സെലക്ടുചെയ്യുമ്പോള്‍ യാതൊന്നും തന്നെ വിനോദിന് ഒരു വിഷയമേ അല്ലായിരുന്നു.

പതിനാറാമത്തെ വയസ്സിലാണ് വിനോദിന്‍റെ വിനോദങ്ങളുടെ തുടക്കം.

വീട്ടില്‍ ജോലിക്കുനിന്ന മുപ്പത്തഞ്ചുകാരി ഭാനുവില്‍ തന്‍റെ ലൈംഗികശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് അയാള്‍ തന്‍റെ പടയോട്ടം സമാരംഭിച്ചത്.

‘നല്ല’ അയല്‍ക്കാരിയും ആരെയും മോഹിപ്പിക്കുന്ന മദാലസയുമായ സൂസന്‍ചേച്ചി പച്ചക്കൊടി കാട്ടിയപ്പോള്‍ ആ പടക്കുതിര അതിര്‍ത്തി കടന്ന് അയലത്തെ കിടക്കയിലുമെത്തി!

സൂസന്‍ ഭര്‍ത്താവിനൊപ്പം ദുബായ്ക്ക് വിമാനം കയറിയപ്പോള്‍ വിനോദ് കൂടുതല്‍ അനുഭവ സമ്പത്തോടെ പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങി.

കൂടെ പഠിച്ച രശ്മിക്ക് ‘പരിശുദ്ധ’ പ്രണയത്തിന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ത്തന്നെ അവളുടെ കൂട്ടുകാരികളായ സുനിതയ്ക്കും ഇന്ദുവിനും സെക്സോളജിയുടെ പ്രാക്ടിക്കല്‍സെടുക്കാന്‍ അയാള്‍ വളരെ വിദഗ്ദ്ധമായി സമയവും സൗകര്യവും കണ്ടെത്തി.

ആയിടയ്ക്കാണ് നഗരത്തിലെ ട്രാവല്‍ ഏജന്‍സിയില്‍ വിനോദിനൊരു ജോലി തരപ്പെട്ടത്.

ജോലിയേക്കാളുപരി അവിടെയെത്തുന്ന ലേഡീസിനെ വളച്ചെടുക്കാനായിരുന്നു വിനോദിന് വിരുത്.

മുതലാളിയുടെ ഭാര്യയ്ക്ക് ഇതിനിടയില്‍ സ്വന്തം ഹൃദയത്തിലേക്ക് അയാള്‍ ഒരു വിസിറ്റിംഗ് വിസ തരപ്പെടുത്തിക്കൊടുത്തു.

എയര്‍ക്കണ്ടീഷന്‍ചെയ്ത വലിയ വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ വികാരത്തിന്‍റെ വിയര്‍പ്പൊഴുക്കി വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന അവള്‍ക്ക് അയാള്‍ ഒരു മദനോത്സവമായിരുന്നു; സംഭവം ഭര്‍ത്താവിന്‍റെ ചെവിയിലെത്തുന്നതുവരെ.

‘നൈന്‍ വണ്‍ സിക്സ് മാറ്റു’ള്ള വാചകമടിക്കൊപ്പം നല്ല ഗുണനിലവാരമുള്ള കല്ലുവച്ച നുണകള്‍ കൂടിയായപ്പോള്‍ ഒന്നിനുപിറകേ ഒന്നായി അറുപത്തിരണ്ടോളം സ്ത്രീകള്‍ അയാള്‍ക്കുമുമ്പില്‍ കാലിടറി വീണു!

ഇതിനിടയില്‍ മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അറുക്കപ്പെടാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അയാള്‍ കതിര്‍മണ്ഡപത്തിലെത്തി നവവരനുമായി!

വിവാഹം എന്തേ താമസിച്ചത് എന്ന ചോദ്യത്തിന് ചായകുടിക്കാന്‍ ആരെങ്കിലും ചായക്കട വിലക്കുവാങ്ങുമോ എന്ന മറുചോദ്യമായിരുന്നു അയാളുടെ ഉത്തരം. ഏതായാലും ‘ചായക്കട’ വാങ്ങേണ്ടിവന്നപ്പോഴാണ് വിനോദ് ശരിക്കും വെട്ടിലായത്!

നേരാംവണ്ണം ഒരിക്കല്‍പ്പോലും ‘അനുവദിക്കപ്പെട്ട ആ ചായ’ കുടിക്കാന്‍ പറ്റാത്ത അവസ്ഥ!

വിനോദിന്‍റെ ലൈംഗികശേഷിക്ക് സംഭവിച്ച ഈ തളര്‍ച്ച തികച്ചും മാനസികമായ ഒരു പ്രശ്നമാണ്. ബോധമനസ്സില്‍ ഓരോ ലൈംഗികാനുഭവവും ആവേശപൂര്‍വ്വം ആസ്വദിക്കുമ്പോഴും അയാളുടെ ഉപബോധമനസ്സില്‍ അയാളറിയാതെ ഒരു കുറ്റബോധം രൂപപ്പെടുന്നുണ്ടായിരുന്നു.

മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ മനസ്സില്ലാമനസ്സോടെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ അയാളിലെ ഉത്തരവാദിത്തമില്ലായ്മയുടെ അലസത ഉണര്‍ത്തിയ ഉത്കണ്ഠ അതിന്‍റെ പാരമ്യത്തിലുമെത്തി.

ഈ സമ്മിശ്ര വികാരങ്ങള്‍ വിനോദില്‍ ഉളവാക്കിയ വൈരുദ്ധ്യങ്ങള്‍ ഒടുവില്‍ ലൈംഗികശേഷിക്കുറവായി പുറത്തു വന്നു.

അത്യാധുനിക മാനസിക-ലൈംഗിക ചികിത്സാശാസ്ത്രത്തില്‍ അധിഷ്ഠിതമായ വിവിധ ചികിത്സാരീതികളിലൂടെയാണ് വിനോദ് വഴിവിട്ട ലൈംഗികജീവിതത്തിന്‍റെ കുരുക്കുകളില്‍നിന്നും മോചിതനായത്.

ഇപ്പോള്‍ സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന അയാള്‍ പ്രശസ്തമായ ഒരു കമ്പനിയുടെ എക്സിക്യൂട്ടീവ് കൂടിയാണ്.

വിനോദിനെപ്പോലെ ജീവിതം ‘ഉത്സവ’മാക്കി മാറ്റുന്നവരോട് ഒരു വാക്ക്. നാളെ വിവാഹം കഴിഞ്ഞ് മണിയറയിലേക്ക് വലതുകാലെടുത്തുവച്ച് ചെല്ലുമ്പോള്‍ നിങ്ങള്‍ക്ക് ‘പറ്റാത്ത അവസ്ഥ’ വരാതിരിക്കാന്‍ ഇന്നേ ‘പറ്റുന്നതു മാത്രം’ ചെയ്യുക.

വിഷ് യു ഓള്‍ ദ ബെസ്റ്റ് !

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...