മുൻ മന്ത്രിയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.കെ ശൈലജയ്ക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻറെ വക്കീൽ നോട്ടീസ്.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ഷാഫിയുടെ നോട്ടീസ്.
തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന പ്രചാരണമാണ് നടന്നത്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.
ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
വീഡിയോ ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ചെയ്യാത്ത കാര്യങ്ങൾക്കാണ് താൻ ആക്ഷേപം കേട്ടത്.
ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇപ്പോൾ സത്യം പുറത്ത് വന്നു.
രാഷ്ട്രീയ നേട്ടത്തിന് മറ്റെന്തെങ്കിലും സംസാരിക്കട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് പരാതി നൽകുന്നതെന്നും ഷാഫി പറഞ്ഞു.
അതേസമയം, താൻ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും തെളിവുകൾ കൈവശമുണ്ടെന്നും ശൈലജ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
നിയമനടപടി സ്വീകരിക്കാൻ ഷാഫിയുടെ കയ്യിൽ എന്തെങ്കിലും വേണ്ടേ എന്നും ശൈലജ ചോദിച്ചിരുന്നു.
എന്നാൽ വക്കീൽ നോട്ടീസിൽ ശൈലജ ഇതുവരെ പ്രതികരിച്ചിട്ടില്ല.