ആലപ്പുഴ ജില്ലയിലെ ഇരമത്തൂർ വഴിയമ്പലം ജങ്ക്ഷനിൽ നിന്ന് മുന്നൂറു മീറ്റർ അകലെ തെക്ക് പടിഞ്ഞാറായി ശനിദേവ പുരത്ത് (നാടാലയിൽ) ആണ് ശനീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ഒരു കാലത്ത് ബ്രാഹ്മണർ താമസിച്ചിരുന്ന ദേശമായിരുന്നെന്നും അഗ്നി ഉപാസകരായ അവർ നവഗ്രഹ പ്രീതി കർമങ്ങൾ നടത്തിയിരുന്നു എന്നുമാണ് വിശ്വാസം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന “നാടാല” മുമ്പ് നാടിനകത്തുള്ള ശാല- യാഗശാല എന്ന അർത്ഥത്തിൽ നാടക ശാല എന്നു വിളിച്ചിരുന്നത് ലോപിച്ചാണ് നാടാല ആയത് എന്നും പറയുന്നു.
വിധിരൂപൻ കാക്കവാഹനൻ ശനീശ്വരനെയും, ഉഗ്രരൂപമായ മഹാകാല ശനീശ്വരനും ഇവിടെ പ്രത്യേകം പ്രതിഷ്ഠയുണ്ട്. ആദിപരാശക്തി (ശ്രീദേവി ), ബൃഹസ്പതി, രാഹു – കേതുക്കൾ, സിദ്ധി വിനായകൻ, സിദ്ധ പഞ്ചമുഖ ഹനുമാൻ, പ്രതിഷ്ഠകളുണ്ട്. ഭക്തർക്ക് ഇവിടെ നേരിട്ട് കർമങ്ങൾ നടത്താം എന്നുള്ളതാണ് പ്രത്യേകത.
മകരത്തിൽ മകര സംക്രാന്തി കഴിഞ്ഞ് വരുന്ന ആദ്യത്തെ ഇംഗ്ലീഷ് മാസത്തിലെ രണ്ടാം ശനിയാഴ്ച്ച ബൃഹത് അഗ്നിഹോത്ര മഹാഹവനവും, ശനി പ്രീതിക്കായ് തിലമാഷാന്ന പൊങ്കാല, ബലിവൈശ്വദേവയജ്ഞവും നടത്തുന്നു.
കർക്കടക അമാവാസിക്ക് പിതൃ മുക്തി ശാന്തി മഹാ ഹവനവും, തുലാത്തിൽ വിജയദശമിക്ക് വിദ്യാർത്ഥികൾക്കായി മേധാ സൂക്ത സരസ്വതീ ഹവനം നടത്തുന്നു.
ശനി ദോഷം മാറുന്നതിനും മറ്റ് ഉദ്ധിഷ്ട കാര്യലബ്ദിക്കുമായി ഇംഗ്ലീഷ് മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ദ്വിതീയ ശനി വാര മാസേഷ്ടി ഹവനവും, കാള സർപ്പദോഷം മാറുന്നതിനായ് കാളസർപ്പേഷ്ടി ഹവനവും, പിതൃദോഷ ശാന്തിയ്ക്കായ് പിതൃ മുക്തി ശാന്തി ഹവനം എന്നി പരിഹാരഹോമങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിൽ ഭക്ത ജനങ്ങളെ കൊണ്ട് നേരിട്ട് ചെയ്യിക്കുന്നു.
ഹവനങ്ങളും , മറ്റ് വഴിപാടുകളും ഒരു വർഷത്തേക്കോ രണ്ടര വർഷത്തേക്കോ മുൻകൂട്ടി ബുക്ക് ചെയ്യാം. ശനി രാശി മാറുന്ന ദിവസങ്ങളിൽ ഇവിടെ വിശേഷ പൂജകൾ നടത്തുന്നു.
മാന്നാർ സ്റ്റോർ ജംഷനിൽ ആണ് അടുത്തുള്ള ബസ്സ്സ്റ്റാന്റ്, മാന്നാർ ആലുംമൂട് ജംഷ്ഷൻ ആണ് അടുത്ത ബസ്സ് സ്റ്റോപ്പ്.ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര, ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും 7-8 കിലോമീറ്റർ ദൂരം ആണ് ക്ഷേത്രത്തിലേക്ക്. പോസ്റ്റ് ഓഫീസ് ഇരമത്തൂർ. പിൻകോഡ് 689622
രാവിലെ 6.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 7.15 വരെയും ദർശനം നടത്താം. ഈ ക്ഷേത്രത്തിൽ ശനിയും ഞായറും മാത്രമാണ് ഭക്തജനങ്ങൾക്ക് ദർശനം ഉള്ളത്.
ഫോൺ – 9961141013