മുട്ടിൽ മരം മുറികേസിലെ പ്രതി ആന്റോ അഗസ്റ്റിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.ആന്റോ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. താൻ പ്രസംഗിക്കുന്ന വേദിയിൽ ആന്റോ ഉണ്ടായിരുന്ന ഫോട്ടോ പുറത്തു വിടുകയായിരുന്നു ശോഭാ സുരേന്ദ്രൻ. തൃശൂരിൽ വാർത്താസമ്മേളനം നടത്തിയാണ് ശോഭാ സുരേന്ദ്രൻ ചിത്രങ്ങൾ പുറത്തുവിട്ടത്. ആൻറോ അന്ന് പിസി തോമസിന്റെ പാർട്ടിയുടെ നേതാവായിരുന്നു. ദീന ദയാൽ എന്ന പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിക്കൊപ്പമാണ് ആന്റോയുടെ വീട്ടിൽ പോയത്. മൂന്നുനാലു വീടുകളിൽ ഗൃഹസമ്പർക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പിസി തോമസിൻ്റെ പാർട്ടിയിലൂടെ ബിജെപിയിലേക്ക് ആന്റോ കയറിക്കൂടി. ആന്റോയുടെ ഗുണ്ടായിസം ഫോട്ടോഗ്രാഫർക്ക് നേരെ ഉണ്ടായാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയെ തട്ടിച്ച കേസിൽ ആൻറോ അഗസ്റ്റിൻ ജയിലിലായിരുന്നു. തനിക്കെതിരെ ക്രൈം നന്ദകുമാർ പുറത്തുവിട്ട ഓഡിയോ വ്യാജമായിരുന്നു. ഈ വ്യാജ ഓഡിയോ നിർമിച്ചവർ ജയിലിലാണ്. മുൻ മന്ത്രി മഞ്ഞളാം കുഴി അലിയെ 18 കോടി പറ്റിച്ചുവെന്നും മാംഗോ ഫോൺ ഇടപാടിൽ ആന്റോ വൻ തട്ടിപ്പ് നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.