ഞായറാഴ്ച രാത്രിയില്‍ എടത്വ ജംഗ്ഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ കടകള്‍ക്ക് ഉണ്ടായത് 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.പലചരക്ക് മൊത്ത വ്യാപാരിയായ ജോജി കരിക്കംപള്ളിക്ക് 20 ലക്ഷവും മൊത്തവിതരണ സ്ഥാപനമായ തട്ടുപുരയ്ക്കല്‍ ജോജിയുടെ എം.വി. സ്റ്റോഴ്‌സിന് 35 ലക്ഷവും മുടന്താഞ്ഞിലില്‍ അഗസ്റ്റിന്റെ സോണി ഗ്ലാസ് ഹൗസിന് 5 ലക്ഷവും മെര്‍ളിന്‍ യോഗിയുടെ ഇന്‍സ്‌റ്റൈല്‍ ബ്യൂട്ടിപാര്‍ലറിന് 5 ലക്ഷവും രൂപായുടെ നാശ നഷ്ടവുമാണ് ഉണ്ടായിരിക്കുന്നത്.കൂടാതെ ഭാഗികമായി അമല ഫ്രൂട്ട് സ്റ്റോഴ്സ്, മോഡേണ്‍ സ്റ്റേഷനറി എന്നിവയ്ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.ഫോറന്‍സിക് ഓഫീസര്‍ ഹരിപ്രശാന്തിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പു നടത്തി. ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായി കണ്ടെത്തിയിട്ടുള്ളത്.ജോജിയുടെ പലചരക്കുകട പൂര്‍ണ്ണമായും കത്തി നശിച്ചു.റെജി ചെറിയാന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. കട ഉടമകളായ ജോജി കരിക്കംപള്ളി, ജോജി തട്ടുപുരയ്ക്കല്‍, മെര്‍ലിന്‍ യോഗി, അഗസ്റ്റിന്‍ മുടന്താഞ്ഞിലി എന്നിവരുമായി സംസാരിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.ഇന്‍ഷുറന്‍സ് ഇല്ലാത്ത കടകളുടെ നഷ്ട്ടം എങ്ങനെ പരിഹരിക്കും എന്നറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പ്രകൃതി ദുരന്തത്തില്‍ പെടുത്തി ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.എംഎല്‍എയോടൊപ്പം ഡിസിസി വൈസ് പ്രസിഡന്റ സജി ജോസഫ്, കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം ജോസ് കോയിപ്പള്ളി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം, പഞ്ചായത്ത് വൈസ് പ്രസിഡന്റ ബിജു വരമ്പത്ത്, പഞ്ചായത്ത് അംഗം ജി. ജയചന്ദ്രന്‍, ബൈജു നെറ്റിത്തറ, തോമസുകുട്ടി മരിയാപുരം, ജെയിംസ്‌കുട്ടി എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

