പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര കോൺഫറൻസ് മാർച്ച് 14, 15 തീയതികളിൽ നടക്കും. സ്റ്റീം (STEAM) എഡ്യൂക്കേഷൻ ഇൻ എഡ്യൂക്കേഷണൽ ടെക്നോളജി എന്നതാണ് ഈ വർഷത്തെ പ്രമേയം. 14 ന് പ്രാഥമിക സെഷനുകളും ഗവേഷകർ തമ്മിലുള്ള പരസ്പര സംവാദവും നടക്കും. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ 15 ന് രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ന്യൂയോർക്കിലെ ക്ലാർക്ക്സ്റ്റൺ സർവകലാശാല പ്രൊഫസർ ജാൻ ഡി വാട്ടേഴ്സ് മുഖ്യപ്രഭാഷണം നടത്തും. തമിഴ്നാട് നാഷണൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഡോ. ബിജു. കെ അഡ്വാൻസിംഗ് സ്റ്റീം (STEAM) എഡ്യൂക്കേഷൻ ഇൻ സ്കൂൾസ് എന്ന വിഷയത്തിലും ഡോ. അച്യുത് ശങ്കർ എസ് നായർ യൂസ് ഓഫ് മെറ്റഫോർസ് ഇൻ ലേണിംഗ് ഇലക്ട്രോണിക്സ് എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തും. സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പ്രമോദ് പി, എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ. ജയപ്രകാശ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ സുപ്രിയ, നവകേരള മിഷൻ ജോയിന്റ് കോഡിനേറ്റർ ഡോ. സി.രാമകൃഷ്ണൻ, കോൺഫ്രൻസ് ക്യൂറേറ്റർ ഡോ. രതീഷ് കാളിയാടൻ, കേരള സർവകലാശാല എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ സി സേനൻ, എസ്.ഐ.ഇ.ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. പി ഷീബ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.