ബിഷപ്പിനെതിരായ കേസില്‍ ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു. കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസ മഠത്തില്‍ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. അനുപമയ്ക്ക് പിതാവ് സമര വേദിയില്‍ പിന്തുണയുമായി എത്തിയിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തമാക്കിയ ശേഷം കുറവിലങ്ങാട്ടെ മഠത്തില്‍ തുടരുകയായിരുന്നു സിസ്റ്റർ അനുപമ. ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന നാടുകുന്നിലെ സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്.
സിസ്റ്റര്‍ അനുപമയെക്കൂടാതെ, മറ്റു രണ്ട് കന്യാസ്ത്രീകളും സഭാവിട്ടതായാണ് റിപ്പോർട്ട്. സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവര്‍ കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളായിരുന്നു ഇവര്‍. ഇനി മഠത്തിൽ 3 കന്യാസ്ത്രീകൾ മാത്രമാണുള്ളത്. കത്തോലിക്ക സഭയെ പിടിച്ചുലച്ച കേസായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്ന ആവശ്യവുമായി 13 ദിവസമാണ് കന്യാസ്ത്രീകള്‍ സമരമിരുന്നത്.