സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണ കക്ഷി എംഎല്‍എ നടത്തിയതെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
പി.വി.അന്‍വര്‍ പറഞ്ഞത് വസ്തുതകളാണ്.അദ്ദേഹം തുറന്ന് പറയാന്‍ അല്‍പ്പം വൈകിയെന്ന് മാത്രം. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടാണ് ഭരണകക്ഷി എംഎല്‍എയ്ക്ക്.
ക്രിമിനല്‍ മാഫിയകളെ വാഴിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല.
സിപിഎമ്മിനെ നശിപ്പിക്കുന്ന പിണറായി വിജയന്‍, മുഹമ്മദ് റിയാസ്,പി.ശശി അച്ചുതണ്ടിന്റെ അവിശുദ്ധബന്ധത്തിന്റെ ഞെട്ടുക്കുന്ന കഥകളാണ് പി.വി.അന്‍വര്‍ അക്കമിട്ട് നിരത്തിയത്.
തെറ്റുചൂണ്ടി കാണിക്കുന്നവരെ ഉള്‍ക്കൊള്ളുന്നത് സിപിഎം പാരമ്പര്യമല്ല.അവരെ ശത്രുക്കളായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി.ആ പതിവ് അന്‍വറിന്റെ കാര്യത്തിലും സിപിഎം തെറ്റിക്കില്ല.
എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് തെറ്റായി സിപിഎം കാണാത്തത് കൊണ്ടാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ സംരക്ഷണയില്‍ തുടരുന്നത്.
മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക ദൂതനായി ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമാണ്.
സ്വര്‍ണ്ണം അടിച്ചുമാറ്റുന്ന പോലീസിന്റെ യഥാര്‍ത്ഥ മുഖം ഭരണകക്ഷി എംഎല്‍എ തുറന്ന് കാട്ടുമ്പോള്‍ പോലീസ് സ്വര്‍ണ്ണം പൊട്ടിക്കുന്നില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത്.
ആര്‍ക്കുവേണ്ടിയാണ്? സ്വര്‍ണ്ണക്കടത്ത് സംഘത്തെ നിയന്ത്രിക്കുന്നതില്‍ കേരള പോലീസിന്റെ പങ്കെന്താണ്?
സ്വര്‍ണ്ണം അടിച്ചുമാറ്റാന്‍ പോലീസിനെ ഭരണപക്ഷത്ത് നിന്നുള്ള ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ?
സ്വര്‍ണ്ണക്കടത്ത് വിഹിതം പറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പങ്കുണ്ടോ?
അന്‍വറിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റാന്‍ തയ്യാറാണോ?
അതോ പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കാന്‍ തന്നെയാണോ ഭാവം?
അന്‍വര്‍ നടത്തിയ ആക്ഷേപങ്ങളിലെ സത്യാവസ്ഥ കേരളത്തിന് അറിയണം.
അതിന് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം വേണം.
ആരോപണവിധേയര്‍ ആഭ്യന്തരവകുപ്പ് തന്നെ ആയതിനാല്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം സ്വീകാര്യമല്ലെന്നും കെ.സുധാകരന്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു.