തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയായ മരുമകന്‍ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പൊലീസിന് അയല്‍വാസികള്‍ മൊഴി നല്‍കി. ഈ മര്‍ദനമേറ്റാണ് സുധാകരന്‍ കൊല്ലപ്പെട്ടത്.പൊലീസ് തന്നെ പിടികൂടുമെന്ന് മനസിലാക്കിയ രാജേഷ് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മുങ്ങി. എങ്കിലും അധികം വൈകാതെ മണ്ണന്തലയില്‍ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞയാഴ്ച രാജേഷിന്റെ എതിര്‍ സംഘത്തില്‍പെട്ട ഗുണ്ടകള്‍ ഈ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയ ഈ സംഭവത്തിന് ശേഷമാണ് ഇതേ വീട്ടില്‍ ഇന്നലെ ക്രൂരമായ കൊലപാതകം നടന്നത്.

