എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ദിവ്യയുടെ ആരോപണം.മുഖ്യധാര മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ വാർത്തകൾ കെട്ടിച്ചമച്ചുവെന്നാണ് പി പി ദിവ്യയുടെ ആരോപണം. തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടായെന്നും ദിവ്യ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദിവ്യയുടെ ഭർത്താവ് വി പി അജിത്ത് നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണപുരം പൊലീസ് കേസെടുത്തത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സമൂഹ മാധ്യമങ്ങിളിലൂടെയുള്ള വ്യക്തിഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാൽ പ്രതിയുടെ പേര് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല. താൻ പറയാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പി പി ദിവ്യ നേരത്തെ ആരോപിച്ചിരുന്നു.