പെണ്ണെഴുത്ത്


കഥ/ ദേവസ്സി ചിറമ്മൽ


‘പെണ്ണിന്റെ തലയും മുലയും ഏത് ഏങ്കിളിൽ പിടിക്കണമെന്ന് തീരുമാനിക്കേണ്ടത് പുരുഷനല്ല…’
റോസിട്ടീച്ചറുടെ തുളയ്ക്കുന്ന ശബ്ദം സാഹിത്യ അക്കാദമിയുടെ മതിലും കടന്ന് പാലസ് റോഡിലൂടെ കവാത്ത് നടത്തുമ്പോഴാണ് നിർമ്മല അക്കാദമി ഗേറ്റിൽ വന്നിറങ്ങിയത്.
‘അത് കറക്ട്…. ഡബ്ബിൾ കറക്ട്.’
ചില്ലറ പരതുന്നതിനിടയിൽ ഓട്ടോ ഡ്രൈവറുടെ മോണലോഗ് നിർമ്മല വ്യക്തമായും കേട്ടു. അവന്റെ തേരട്ടച്ചുണ്ടിലെ വഴുവഴുപ്പാർന്ന അശ്ലീലം തിരിച്ചറിഞ്ഞെങ്കിലും അവൾ പ്രതികരിച്ചില്ല. ചില്ലറ തപ്പുന്നതിനിടയിൽ അവന്റെ കൂർപ്പിച്ച നോട്ടം സ്ത്രീസഹജമായ കരുതലോടെ അവൾ പ്രതിരോധിച്ചു. സാരിത്തലപ്പ് ഇടതുമാറിലേക്ക് ആകാവുന്നത്ര ഒതുക്കിപ്പിടിച്ച് പല്ലുകൾ കൂട്ടിക്കടിച്ചു.
‘മെയിൽ ഷോവനിസ്റ്റ് പിഗ്’
കെട്ട ചിരിയോടെ ഇല്ലാത്ത ധൃതിയഭിനയിച്ച് അവൻ വണ്ടി സ്റ്റാർട്ടാക്കി.
സമ്മേളനം തുടങ്ങിയതേയുള്ളു. റോസിട്ടീച്ചറുടെ സ്വാഗതപ്രസംഗമാണു കേൾക്കുന്നത്. നേരത്തെ എത്തിയവർ ഫാനിനു കീഴെ സ്ഥലം പിടിച്ചു കഴിഞ്ഞിരുന്നു. പിന്നിലെ കസേരകളിലൊന്നിൽ നിർമ്മല ഇരുന്നു. അവൾ അടിമുടി വിയർപ്പിൽ മുങ്ങിയിരുന്നു. വിയർപ്പിന്റെ നേർത്ത ചാലുകൾ നനുത്ത എറുമ്പുകളായി കീഴോട്ടരിച്ചിറങ്ങുന്നുണ്ട്. ബ്ലൗസ് വിയർപ്പിൽ കുതിർന്നു. വിയർപ്പിന്റെ മുദ്രകൾ കക്ഷങ്ങളിൽ ഭൂപടം തീർത്തു. വിലകൂടിയ ബ്രായുടെ ലേസുകൾ പുറകിൽ തെളിഞ്ഞു കാണായി. ‘യു’ ഷെയ്പ്പിലുള്ള അതിന്റെ തൊങ്ങലുകളിലെ സുഷിരങ്ങൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താനാവുംവിധം അത്രയും സുതാര്യമായി.
‘സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവല്ല. അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രമല്ല. പൂമുഖവാതിൽക്കൽ പുരുഷനെ കാത്തുനിൽക്കേണ്ടവളല്ല സ്ത്രീ. ഭൂമിയോളം ക്ഷമയുള്ളവൾ എന്നത് അവളെ കുരുക്കുന്ന ചങ്ങലയാണ്. അദൃശ്യമായ ബന്ധനങ്ങൾ പൊട്ടിച്ചെറിയണം. സ്ത്രീശാക്തീകരണത്തിൽ പങ്കാളികളാകണം. പുരുഷൻ വാരിവിതറുന്ന മോഹമുൾമുനയിൽ നാം അകപ്പെട്ടുകൂടാ. ‘മോഹം വന്നാൽ ഏതു പെണ്ണും….’ എന്ന് അവൻ ഈണമിടുന്നു. പുരുഷമേധാവിത്വത്തിന്റെ ഭാവനാവിലാസമാണത്. മോഹമുൾമുനയിൽ സ്ത്രീയെ തളച്ചിടേണ്ടത് പുരുഷന്റെ ആവശ്യമാണ്. അത് പുരുഷന്റെ സാഹിത്യം. പുരുഷ കേന്ദ്രീകൃതമായ സാഹിത്യമാണ് ഇവിടെ തഴച്ചുവളരുന്നത്. അതിനെതിരെ നിതാന്ത ജാഗ്രത പുലർത്തേണ്ടത് സ്ത്രീയുടെ കർത്തവ്യമാണ്. ഇവിടെയാണു പെണ്ണെഴുത്തിന്റെ പ്രസക്തി…’
പ്രശസ്ത നോവലിസ്റ്റ് സീമന്തിനി മുഖ്യപ്രഭാഷണം നിർവ്വഹിച്ച് വിയർത്തൊലിച്ച് വേദിയിലിരുന്നു. സ്വർണ്ണനിറമാർന്ന ബാഗിൽ കരുതിയിരുന്ന കരിങ്ങാലിവെള്ളം കുളുകുളെ കുടിച്ചു. പ്രണയചിഹ്നം തുന്നിപ്പിടിപ്പിച്ച കൈലേസെടുത്ത് ലിപ്സ്റ്റിക് മിനുക്കമാർന്ന അധരങ്ങളിലെ ജലസ്പർശം മൃദുവായി ഒപ്പി. അനന്തരം വില്ലുപോലത്തെ പുരികമുയർത്തി സദസ്സിനെ കടാക്ഷിച്ചു. മധുരമായിപുഞ്ചരിച്ചു. ഹാളിൽ അപ്പോഴും തകർപ്പൻ കരഘോഷത്തിന്റെ അനുരണനങ്ങൾ നിലച്ചിരുന്നില്ല.
എന്താണു പെണ്ണെഴുത്ത്? അവസരം കിട്ടുമ്പോഴൊക്കെ രമേശൻമാഷ് നിർമ്മലയെ ചൊടിപ്പിക്കാറുണ്ട്. പെണ്ണിനും ആണിനും വേവ്വേറെ സാഹിത്യമുണ്ടോ? അതാണു രമേശന്റെ ചോദ്യം. പെണ്ണിനെയും ആണിനേയും വേർതിരിക്കുന്ന സാമൂഹ്യ – സാമ്പത്തിക വ്യവസ്ഥകൾക്കെതിരെയാണു സമരം തുടങ്ങേണ്ടത്. സ്ത്രീയുടേയും പുരുഷന്റേയും ബോധമണ്ഡലങ്ങളിൽ ശക്തമായ തിരുത്തലുകൾ കൂടിയേ തീരൂ. ആധിപത്യമേതുമില്ലാതെ ഒരു മേശയ്ക്കുചുറ്റുമിരുന്ന് ഇരുകൂട്ടരും ചർച്ചചെയ്ത് പരിഹാരം കാണേണ്ട വിഷയമാണത്. പെണ്ണെഴുത്തുകൊണ്ടോ, പുരുഷനെ അകറ്റിനിർത്തിയതുകൊണ്ടോ ഏകപക്ഷീയമായി സ്ത്രീസമത്വം നടപ്പിലാകുകയില്ല. ഇതൊക്കെയാണ് രമേശന്റെ വാദം.
പെണ്ണെഴുത്ത് എന്ന പദത്തിന്റെ നിരർത്ഥകത പക്ഷേ, നിർമ്മലയ്ക്ക് മനസ്സിലാവുകയില്ല എന്നതാണു രമേശന്റെ സങ്കടം. പുരുഷകേന്ദ്രീകൃതമായ ലോകമാണു രമേശന്റേത്. രമേശന് അങ്ങനയേ ചിന്തിക്കാനാവൂ. അതാണ് നിർമ്മലയുടെ ന്യായം.
ഇന്നത്തെ സമ്മേളനത്തിന് നിർമ്മല വൈകുവാൻ എന്താണു കാരണം? സംശയമില്ല. രമേശന്റെ നിസ്സഹരണം തന്നെ. അവൾ കുളിച്ച് കുറിതൊട്ട് സാരി മാറുന്നതിനിടയിൽ രണ്ടുപ്രാവശ്യം കുഞ്ഞിനു വയറിളകി. രണ്ടുതവണയും നിർമ്മല കുഞ്ഞിന്റെ അപ്പി കോരിക്കളഞ്ഞ് ഡെറ്റോളൊഴിച്ച് നിലം വൃത്തിയാക്കി. കുഞ്ഞിനെ കുളിപ്പിച്ചു. പുതിയ ഉടുപ്പിടുവിച്ചു. അപ്പോഴൊന്നും രമേശൻ ചാരുകസേരയിൽനിന്നൊന്ന് എഴുന്നേൽക്കുകയോ പത്രം താഴെ വെയ്ക്കുകയോ ചെയ്തില്ല.
അവധിദിനത്തിന്റെ സ്വാതന്ത്യം തനിക്കും അവകാശപ്പെട്ടതല്ലേ? രമേശനെപ്പോലെ ഹൈസ്‌കൂളിലല്ലെങ്കിലും താനും ഒരു അദ്ധ്യാപികയല്ലെ? ഹൈസ്‌കൂൾ തലത്തിലുള്ളതിനേക്കാൾ പ്രയാസമേറിയതാണ്; പ്രത്യേകിച്ചും ഇക്കാലയളവിൽ, പ്രൈമറി ക്ലാസ്സുകളിലെ അധ്യാപനം. എല്ലാവരും അത് സമ്മതിച്ചിട്ടുള്ളതാണ്, രമേശനൊഴികെ. അക്ഷരങ്ങൾക്കുമീതെയുള്ള തവളച്ചാട്ടവും കരയിലെ നീന്തലുമല്ലെ കുട്ടികളെ പഠിപ്പിക്കുന്നതെന്നാണു രമേശന്റെ ചോദ്യം. രമേശനോട് വാദിച്ച് ജയിക്കാൻ നിർമ്മലയ്ക്കാവില്ല.
എന്തൊക്കെയായാലും തിരക്കിനിടയിലും രമേശനുള്ള ചായ ഫ്‌ളാസ്‌കിൽ ഒഴിച്ചുവെച്ചിട്ടാണു നിർമ്മല പെണ്ണെഴുത്ത് സമ്മേളനത്തിന് പുറപ്പെട്ടത്.
മെയിൻ റോഡിൽ വന്ന് ഓട്ടോയിൽ കയറിയതിനുശേഷമാണ് മീനാക്ഷിയെ ഒരു മിന്നായംപോലെ കാണുന്നത്. നിർമ്മലയുടെ വീട്ടിലേക്കുള്ള വഴിയിലൂടെയാണ് മീനാക്ഷിയുടെ ഓട്ടോ പാഞ്ഞുപോയത്. ടൗണിലെ സായാഹ്ന പത്രത്തിലെ ജേർണലിസ്റ്റാണ് മീനാക്ഷി. നിർമ്മലയുടെ കുടുംബസുഹൃത്ത്. മീനയുടെ കവിതകൾ ആനുകാലികങ്ങളിൽ അച്ചടിച്ചു വരാറുണ്ട്. പത്രമാപ്പീസുകളിലേക്ക് കവിത അയയ്ക്കുന്നതിനുമുമ്പ് കയ്യെഴുത്ത് പ്രതി രമേശനെ വായിച്ചു കേൾപ്പിക്കുന്നതിനും തിരുത്തുന്നതിനുമായി മീന ഇടയ്ക്കിടെ വീട്ടിൽ വരാറുളളതാണ്. അത് നിർമ്മല വീട്ടിലുള്ളപ്പോഴാണ്.
മീനാക്ഷിയുടെ ഇന്നത്തെ ആ പോക്ക് എന്തോ, നിർമ്മലയക്ക് ഇഷ്ടമായില്ല. മനുഷ്യസഹജമായ സ്വാർത്ഥതയെന്നോ സ്ത്രീസഹജമായ അസൂയയെന്നോ, എന്തുവേണമെങ്കിലും അതിനെ വിളിക്കാം. നിർമ്മലയ്ക്കു ഒരു ചേതവുമില്ല.
ഫെമിനിസം, പെണ്ണെഴുത്ത് എന്നൊക്കെ കേൾക്കുന്നതേ മീനാക്ഷിയ്ക്ക് കലിയാണ്. പുരുഷനെ മാറ്റി നിർത്തിയുള്ള പെണ്ണിന്റെ ലോകം മീന അംഗീകരിക്കുന്നില്ല. സ്ത്രീയ്ക്ക് മാത്രമായോ, പുരുനുമാത്രമായോ ഒരു ലോകമില്ലെന്ന് മീന ദൃഢമായി വിശ്വസിക്കുന്നു. ഈ ലോകം ഇരുകൂട്ടർക്കുമുള്ളതാണ്. മറിച്ചുള്ളതൊക്കെ പ്രകൃതിവിരുദ്ധമായ കാഴ്ചപ്പാടാണെന്നാണു അവളുടെ വിലയിരുത്തൽ. ചുരുക്കത്തിൽ, രമേശന്റെ കാഴ്ചപ്പാടിനോടാണു അവൾക്കു പ്രിയം. അല്ലെങ്കിൽ അങ്ങനെയാണു നിർമ്മല അത് വിലിയിരുത്തിയിട്ടുള്ളത്.
എന്നിട്ടും പെണ്ണെഴുത്ത് സമ്മേളനം കവർ ചെയ്യാൻ ഒരിക്കൽ മീനാക്ഷി വരികയുണ്ടായി. അന്നു വേദിയിലുണ്ടായിരുന്ന മുഖ്യ പ്രഭാഷകയുടെ ദാമ്പത്യ തകർച്ചയുടെ കാരണങ്ങൾ ചിക്കിച്ചികഞ്ഞത് മീനാക്ഷിയാണ്.
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തന്നേക്കാൾ പന്ത്രണ്ട് വയസ്സ് മൂപ്പുള്ള പുരുഷനുമായി വീട്ടുകാർ ആലോചിച്ച് തീരുമാനിച്ച നിർബന്ധിത വിവാഹം. ആദ്യ രാത്രിയിൽ തന്നെ സ്വന്തം ഭർത്താവിനാൽ മൃഗീയമായി ബലാൽക്കാരം ചെയ്യപ്പെട്ടു. അന്ന് അവളിലെ പെണ്ണ് മരിച്ചു. അവൾ വിധിയെ പഴിച്ചു. പെറ്റ തള്ളയെ ശപിച്ചു. എല്ലാം സഹിച്ച് അയാളോടൊത്തു പൊറുത്തു. അവസാനം, ഒരുനാൾ കൊട്ടും കുരവയുമായി രതീദേവി അവളിലും പെയ്തിറങ്ങി. അപ്പോഴേയ്ക്കും കെട്ടിയോൻ പുതിയ രതിയിൽ അഭിരമിച്ചു കഴിഞ്ഞിരുന്നു. ബ്രാഞ്ച് – ലോക്കൽ – ഏരിയ – ജില്ലാ കമ്മിറ്റികളിലൂടെ ചാർത്തിക്കിട്ടിയ രാഷ്ട്രീയാധികാരത്തിന്റെ ലഹരി ഒരു ദീർഘ സുരതത്തിന്റെ രതിമൂർച്ച അയാൾക്ക് നൽകിപ്പോന്നു. പുരുഷനെ വെറുക്കാൻ കുടുംബം തകരാൻ മറ്റെന്തു വേണം?
‘നിനക്ക് അങ്ങനെയൊന്നുമില്ലല്ലോ?’
മീനാക്ഷി നിർമ്മലയോടു ചോദിച്ചു: ‘പിന്നെന്തിന് പുരുഷവിദ്വേഷം? രമേശൻമാഷ് നിന്നെ സ്‌നേഹിക്കുന്നില്ലേ? അംഗീകരിക്കുന്നില്ലേ? എന്നും നിന്നോടൊപ്പമല്ലേ?’
അക്കാദമി ഹാളിലെ സീലിംഗ് ഫാനിന് കാറ്റ് പോരെന്ന് നിർമ്മലയ്ക്കു തോന്നി. കയ്യിൽ കിട്ടിയ പ്രോഗ്രാം നോട്ടീസുകൊണ്ട് ദുർബലമായി വീശുകയാണവളിപ്പോൾ. അക്കാദമി ഹാളിലാണു ഇരിക്കുന്നതെങ്കിലും നിർമ്മലയുടെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. അവളുടെ ഉള്ളം എന്തിനെന്നില്ലാതെ നീറുകയാണ്. മൺമറഞ്ഞുപോയ മഹദ്‌വ്യക്തികൾ അക്കാദമിയുടെ ചുമരിലിരുന്ന് അത് കാണുന്നുണ്ടായിരുന്നു. യാദൃച്ഛികമായാണു നിർമ്മല അവരെ ശ്രദ്ധിച്ചത്. അവർ ഓരോരുത്തരും നിർമ്മലയെത്തന്നെ നിരീക്ഷിക്കുകയാണ്. സഹധർമ്മിണിയും അമ്മയും മുത്തശ്ശിയും ആയിരിക്കെ ഭാഷയെ പൊൺതൊട്ടിലാട്ടിയ ബാലാമണിയമ്മയാണു ദീപ്തമായ സൗമ്യതയോടെ ആദ്യം ചിരിച്ചത്. മുട്ടിറങ്ങിയ ഒറ്റമുണ്ടുടുത്ത് ഒരു കുറിയ മനുഷ്യൻ അടുക്കള വേഷത്തിൽ ശിശുസഹജമായ നിഷ്‌കളങ്കതയോടെ പല്ലില്ലാത്ത മോണകാട്ടി അരങ്ങത്തുവന്നു. വായനയും എഴുത്തും പെണ്ണിന് അന്യമായിരുന്ന കാലത്ത് സമുദായത്തിന്റെ കടുത്ത ആചാരാനുഷ്ഠാനങ്ങളെ ആത്മധൈര്യത്തോടെ മറികടന്ന് പത്‌നിയുടേയും അമ്മയുടെയും അമ്മൂമ്മയുടേയും റോളിൽ തിളങ്ങി കാലത്തിന്റെ ചിതയിൽ അഗ്നിസാക്ഷിയായ തേജസ്വിനി നിർമ്മലയോട് കഷ്ടംവെച്ചു: ‘എന്തിനാ മോളേ… പെണ്ണിന് മാത്രമായി ഒരു സാഹിത്യം?’
അന്നേരമാണ് നിർമ്മല കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. പൊടുന്നനെ പെണ്ണെഴുത്തിന്റെ ആകാശത്തുനിന്നും നിർമ്മല ഭൂമിയിലെത്തി.
കുഞ്ഞിനു പിന്നെയും വയറിളകി. രമേശൻ ആദ്യം ഒന്നറച്ചെങ്കിലും ഭാര്യയുടെ അഭാവത്തിൽ പൊടുന്നനെ അച്ഛന്റെ റോൾ ഏറ്റെടുത്തു. ഉപ്പിട്ട് ചൂടാറ്റിയ കഞ്ഞിവെള്ളം കുഞ്ഞിനുനൽകി. തിളപ്പിച്ചാറ്റിയ വെള്ളത്തിൽ എലക്‌ട്രോബയോൺ അലിയിച്ച് ചെറിയ പ്ലാവിലക്കിണ്ണംകൊണ്ട് കുഞ്ഞുവായിൽ വളരെ ശ്രദ്ധയോടെ ഒഴിച്ചുകൊടുത്തു. വയറ്റിൽ ചെന്നത് തികട്ടി വരാതിരിക്കുന്നതിനായി മകളെ തോളിലിട്ട് മൃദുവായി പുറം തഴുകി രാരീരം… രാരോ… പാടി അയാൾ സിറ്റൗട്ടിൽ പതിയെ നടക്കാൻ തുടങ്ങി. അങ്ങനെ നടക്കുമ്പോൾ കുഞ്ഞിനു ജന്മം നൽകുന്നതിനും മുമ്പത്തെ കാര്യങ്ങൾ രമേശൻ ഓർത്തുപോയി.
വിവാഹം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും നിർമ്മല ഗർഭിണിയായില്ല. വീട്ടുകാരുടേയും അഭ്യുദയകാംക്ഷികളായ ബന്ധുക്കളുടേയും നാട്ടുകാരുടേയും നെറ്റിയിൽ ചോദ്യങ്ങളുയർന്നു. ഇരിക്കപ്പൊറുതിയില്ലാതായപ്പോഴാണ് നിർമ്മലയും രമേശനും രഹസ്യമായി ഗൈനക്കോളജിസ്റ്റിനെ ചെന്നു കണ്ടത്. രമേശന്റെ ‘സെമൻ’ പരിശോധിക്കുന്നതിനാണ് ചെന്നപാടെ ലേഡിഡോക്ടർ കുറിപ്പെഴുതിയത്. അത്തരമൊരു നിർദ്ദേശം ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാലാകണം: ‘അതു വേണോ ഡോക്ടർ?’ എന്ന് അബദ്ധത്തിൽ രമേശൻ ചോദിച്ചുപോയത്. അതിനു ഡോക്ടർ പറഞ്ഞ കടുത്ത മറുപടി ചാട്ടുളിപോലെ രമേശനെ കുത്തിക്കീറി: ‘നിങ്ങൾ പുരുഷൻമാർ എപ്പോഴും സ്ത്രീകളിലാണു കുറ്റങ്ങൾ ആരോപിക്കുന്നത്.’
‘ആ ഡോക്ടർ ഫെമിനിസ്റ്റ് തന്നെ അളിയാ…’
ലേഡീസ് സ്റ്റാഫ് റൂമിൽ കേൾക്കാനാവുംവിധം രമേശന്റെ സഹപ്രവർത്തകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ആ അഭിപ്രായപ്രകടനമൊ അതിനോടനുബന്ധിച്ചുണ്ടായ കമന്റുകളോ ഒന്നും രമേശൻ ഇന്നുവരെ നിർമ്മലയോടു തമാശയായിപ്പോലും പറഞ്ഞിട്ടില്ല. വല്ലപ്പോഴും വന്നെത്തുന്ന സുഹൃത്തുക്കളുടെ ചായയിൽ അറിഞ്ഞുകൊണ്ട് എന്തിന് ഉപ്പിടീക്കണം. പലവട്ടം പരിശ്രമിച്ചിട്ടാണു പരിശോധനയ്ക്കാവശ്യമായ അസംസ്‌കൃത വസ്തു രമേശന് ശേഖരിക്കാൻ കഴിഞ്ഞത്. സദാ സന്നദ്ധനെന്ന് അഹങ്കരിച്ചിരുന്ന രമേശന് അത്യാവശ്യം നേരിട്ടപ്പോൾ അതിനു കഴിയാതായി. അവന്റെ പൗരുഷ അഹങ്കാരം ശമിപ്പിക്കുവാൻ പോന്നതായിരുന്നു ശരീരത്തിന്റെ കടുത്ത തിരസ്‌കാരം. അത് രമേശന്റെ കുറവായിരുന്നില്ലെന്നും അവൻ ശ്രമം നടത്തുമ്പോഴൊക്കെയും ഒഴിഞ്ഞ ക്ലിനിക്കൽ ടെസ്റ്റ് ട്യൂബ് അവനെ നോക്കി ദയനീയമായി കരയുകയായിരുന്നെന്നും അവന്റെ സുഹൃത്തുക്കൾ പിന്നീട് രഹസ്യമായി വിലയിരുത്തുകയുണ്ടായി.
സന്താനോൽപ്പാദനത്തിനു രമേശൻ സർവ്വഥാ യോഗ്യനാണെന്നായിരുന്നു ക്ലിനിക്കൽ റിപ്പോർട്ട്. അടുത്തത് നിർമ്മലയുടെ ഊഴമായിരുന്നു. നിർമ്മലയ്ക്ക് ട്യൂബ് ടെസ്റ്റാണ് നിർദ്ദേശിക്കപ്പെട്ടത്. നിലം ഉഴുതുമറിച്ച് വിതയ്ക്കാൻ പാകപ്പെടുത്തുന്ന നിസ്സാരമായ ക്ലിനിക്കൽ പ്രവൃത്തിയാണത്രെ അത്. തികച്ചും ജൈവശാസ്ത്രപരമായ നിലമൊരുക്കൽ!
വീട്ടിൽ പോയി ‘കണ്ടതല്ലേ’ എന്ന ആശ്വാസത്തോടെയാണു ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന സർക്കാർ ആശുപത്രിയിൽ പോകുവാൻ തീരുമാനിച്ചത്. നിർമ്മലയെ മുമ്പു കണ്ടിട്ടുള്ളതായ പരിചയമേ ഡോക്ടർക്കുണ്ടായില്ല. മറ്റൊരാളായി രൂപാന്തരം പ്രാപിച്ചതുപോലെയാണ് ഡോക്ടർ പെരുമാറിയത്. സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികൾ സകലരും ആദ്യം ഹാജരൊപ്പിടുന്നത് ഡോക്ടർമാരുടെ വീട്ടിലാണല്ലോ. നിർമ്മലയോടു മാത്രമായി പ്രത്യേക പരിചയത്തിനു കാര്യമെന്ത്? കണ്ടാൽ മുൻപരിചയം ഭാവിക്കാത്ത രണ്ടു കൂട്ടരെ സമൂഹത്തിലുള്ളു. ഡോക്ടർമാരും സർക്കാർ ജീവനക്കാരുമാണത്. പരിചയം ഇരുകൂട്ടർക്കും ധനനഷ്ടമുണ്ടാക്കും.
ഓ.പി.യിൽ ക്യൂ നിൽക്കുന്ന പെണ്ണുങ്ങൾ അകത്തു പോയി കരഞ്ഞും പിഴിഞ്ഞും പുറത്തുവരുന്നത് അകലെയിരുന്ന് രമേശൻ കാണുന്നുണ്ടായിരുന്നു. ആ ക്യൂവിലാണ് നിർമ്മല നിൽക്കുന്നത്. ഏറെ നേരം കഴിഞ്ഞ് നിർമ്മലയുടെ ഊഴം എത്തിയപ്പോഴാണു അതുണ്ടായത്. പേടിച്ച സ്‌കൂൾകുട്ടിയുടെ മുഖവുമായി നിർമ്മല രമേശനിരുന്ന ചാരുബഞ്ചിൽ തളർന്നുവീഴുകയായിരുന്നു: ‘വയ്യ… നമുക്ക് ഇവിടെ വേണ്ട രമേശേട്ടാ…’
ഒരു കർട്ടനപ്പുറമാണു ഓപ്പറേഷൻ തിയേറ്റർ. റെക്‌സിൻ വിരിച്ച വീതികൂടിയ ഡസ്‌ക്. പഴക്കം കൊണ്ട് തുരുമ്പിച്ചതെന്നു തോന്നിപ്പിക്കുന്ന മാരകശേഷിയുള്ള ഏതാനും ഉപകരണങ്ങൾ. മുറിയുടെ ഇരുണ്ട മൂലയിൽ മൃതശരീരംപോലെ മൂകമായി ഓക്‌സിജൻ സിലിണ്ടറും. അത്രയുമായാൽ സർക്കാർ ആശുപത്രിയിലെ ഇമ്മാതിരി കാര്യങ്ങൾക്കുളള ഓപ്പറേഷൻ തിയ്യേറ്ററായി. തങ്ങളുടെ ഊഴവും കാത്ത് ക്യൂവിൽ നിൽക്കുന്നവർക്ക് തീയ്യേറ്ററിൽ നടക്കുന്ന കൃത്യങ്ങൾ കണ്ണടച്ചാലും കാണാം. കത്തിയും ചവണയും കൂട്ടിമുട്ടുന്ന ഇരുമ്പു ശബ്ദങ്ങളും രക്തം പുരണ്ട പഞ്ഞിയും നനഞ്ഞ നിലവിളിയും. അടിവയറ്റിൽ അമർത്തിപ്പിടിച്ച് നിലവിളിക്കുന്നവരെ ഡോക്ടർ ഫെമിനിസ്റ്റ് കഠിനമായ ഭാഷയിൽ ശകാരിക്കുന്നതും നിർമ്മല കേൾക്കയുണ്ടായി. ഡോക്ടർക്കപ്പോൾ ശവംതീനിപ്പക്ഷിയുടെ മുഖമായിരുന്നത്രെ.
പിറ്റേന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഒട്ടും വേദനയില്ലാതെ ട്യൂബ് ടെസ്റ്റ് നടന്നു. അങ്ങനെയുണ്ടായ മകളാണു രമേശന്റെ തോളിൽ തളർന്നു മയങ്ങുന്നത്.
പിന്നെയും കുഞ്ഞിനു വയറിളകി. ഇത്തവണ രമേശൻ കലശലായി പരിഭ്രമിച്ചു. ഇനി കളിപ്പിക്കാൻ വയ്യ. കുഞ്ഞിനെ ഉടൻ ആസ്പത്രിയിൽ കൊണ്ടുപോകണം. കൃത്യം ആ നേരത്താണു ദൈവം പറഞ്ഞുവിട്ടതുപോലെ മുറ്റത്ത് ഓട്ടോറിക്ഷ വന്നു നിൽക്കുന്നത്. ഓട്ടോയിൽ വന്നിറങ്ങിയത് മീനയാണ്. ചേമ്പിൻ തണ്ടുപോലെ തളർന്ന കുഞ്ഞിനെ വാരിയെടുത്ത് രമേശനും മീനയും ആസ്പത്രിയിലേക്ക്….
ആലോചന അവിടത്തോളമെത്തിയപ്പോൾ നിർമ്മല ഞെട്ടി. കുഞ്ഞിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയതിലല്ല, രമേശന്റെ കൂടെ മീനയാണ് എന്ന ഒറ്റ കാരണത്താലാണ് അവൾ ഞെട്ടിയത്. തികച്ചും സ്ത്രീസഹജമായ ഞെട്ടൽ.
തൽക്ഷണം പെണ്ണെഴുത്തും പുരുഷവിദ്വേഷവും നിർമ്മലയെ വിട്ടൊഴിഞ്ഞു. അവൾ സുരക്ഷിതത്വം കാംക്ഷിക്കുന്ന വെറും സ്ത്രീയായി. രമേശന്റെ ഭാര്യയായി. കുഞ്ഞിന്റെ അമ്മയായി. ഭൂമുഖത്ത് നിർമ്മലയും രമേശനും കുഞ്ഞും മാത്രമായി. നിർമ്മലയുടെ രമേശൻ. നിർമ്മലയുടെ കുഞ്ഞ്. അവർക്കിടയിൽ അത് ഒരു മാലാഖയാണെങ്കിൽപ്പോലും മറ്റൊരു സ്ത്രീയുടെ സാമീപ്യം…
ചാവി കൊടുത്ത പാവയെപ്പോലെ നിർമ്മല ചാടിയെഴുന്നേറ്റു. മുമ്പൊരിക്കലും ആവേശിച്ചിട്ടില്ലാത്ത തന്റേടത്തോടെ അവൾ പുറത്തേക്ക് നടന്നു. പിൻവിളികൾ നിർമ്മല കേട്ടതേയില്ല.
അകലന്നേ കണ്ടു, ഗേറ്റ് തുറന്നപടി കിടക്കുന്നു. ആളനക്കമില്ലാത്ത മുറ്റത്ത് കാൽ കുത്തിയപ്പോൾ നിർമ്മലയുടെ വായിൽ ഉമിനീർവറ്റി. ശ്വാസം ദ്രുതഗതിയിലായി. ഇടനെഞ്ചിൽ കരച്ചിൽ പൊട്ടി. ഒറ്റപ്പെടലിന്റെ സങ്കടത്തോടെ അമർത്തിയ കരച്ചിലോടെ സിറ്റൗട്ടിലേക്ക് നിർമ്മല ഓടിക്കേറുകയായിരുന്നു.
വായിച്ചുകൊണ്ടിരുന്ന പുസ്തകം നെഞ്ചിൽ കമഴ്ത്തിവെച്ച് ചാരുകസേരയിൽ കാലുകൾ കയറ്റിവെച്ച് മയങ്ങുകയായിരുന്ന രമേശൻ ഒച്ചകേട്ട് ഞെട്ടിയുണർന്നു. അയാൾ ജനാലയിലൂടെ കിടപ്പുമുറിയിലേക്കാണ് ആദ്യം നോക്കിയത്. അകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഉണർത്താതെ സ്വരം താഴ്ത്തി രമേശൻ ചോദിച്ചു:
‘എന്ത്യേ, എന്തുപറ്റി നിർമ്മലേ….?’
അപ്പോൾ കൈവന്ന വ്യക്തമായ പരിസരബോധത്തോടെ അവൾ നിർമ്മലമായി ചിരിച്ചു:
‘ഏയ്…. ഒന്നൂല്ല്യ… മീറ്റിംഗ് നേരത്തേ കഴിഞ്ഞു രമേശേട്ടാ….’
നിരുപദ്രവമെങ്കിലും ഒരു കള്ളം പറഞ്ഞതിന്റെ ഹൃദയമിടിപ്പ് അപ്പോൾ അവളറിഞ്ഞു. അന്നേരേം രമേശനെ കെട്ടിപ്പിടിച്ച് ചുംബിക്കാനുള്ള വെമ്പൽ അവൾ നിയന്ത്രിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...