കോട്ടയം എസ്‌എംഇ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയില്‍ കോളേജ് അധികൃതര്‍ക്ക് പങ്ക് ഉണ്ടെന്ന് ആരോപിച്ച് കുടംബം.അജാസിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും സഹപാഠികളും കോളേജിന് മുന്‍പില്‍ സമരം സംഘടിപ്പിക്കും. ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം രണ്ടാം തീയ്യതിയായിരുന്നു കോട്ടയം എസ്‌എംഇ കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനെ കാണാതായത്. പിറ്റേ ദിവസം മീനച്ചിലാറില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാന്‍ തയ്യാറല്ല.പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമല്ല കോളേജ് അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും മകന് മാനസിക പീഡനം എല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ച് ഇന്ന് കോളേജിന് മുന്നില്‍ കുടുംബം സമരം ചെയ്യും. അതേ സമയം ബസുക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.