ന്യൂയോർക്ക്: ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരെ സമരം ചെയ്യുന്ന യു.എസിലെ വിദ്യാർഥികൾ ഹാർവാർഡ് സർവകലാശാലയിൽ ഫലസ്തീൻ പതാക ഉയർത്തി.
ഹാർവാർഡ് സർവകലാശാലയിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിലും മറ്റ് രണ്ട് സ്ഥലങ്ങളിലുമാണ് പതാക സ്ഥാപിച്ചത്.
അതിനിടെ, ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അമേരിക്കയിലെ കാമ്പസുകളിൽനിന്ന് ഇതുവരെ 900 വിദ്യാർഥികളെയും അധ്യാപകരെയും ആക്ടിവിസ്റ്റുകളെയും യു.എസ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊളംബിയ സർവകലാശാലയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധ ക്യാമ്പ് ന്യൂയോർക്ക് പൊലീസ് ബലമായി നീക്കം ചെയ്ത ഏപ്രിൽ 18 മുതൽ അറസ്റ്റിലായവരുടെ എണ്ണമാണിതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്ന നരഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലുമായി സൈനിക ഇടപാടുള്ള കമ്പനികളുമായുള്ള അക്കാദമിക ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യു.എസിലെ നൂറുകണക്കിന് കാമ്പസുകളിൽ പ്രക്ഷോഭം തുടരുന്നത്.
ശനിയാഴ്ച മാത്രം ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂനിവേഴ്സിറ്റി, ഫീനിക്സിലെ അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, ഇൻഡ്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടൺ, സെൻറ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രതിഷേധിച്ച 275 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഗ്രീൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥി ജിൽ സ്റ്റെയ്‌നും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
മിസോറിയിലെ വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അവർ അറസ്റ്റിലായത്.
അതിനിടെ, ഞായറാഴ്ച വടക്കുകിഴക്കൻ സംസ്ഥാനമായ കണക്റ്റിക്കട്ടിലെ യേൽ സർവകലാശാല കാമ്പസിൽ വിദ്യാർഥികൾ പുതിയ പ്രതിഷേധ ക്യാമ്പിന് തുടക്കം കുറിച്ചു.
ഇവിടെ നിന്ന് കഴിഞ്ഞയാഴ്ച 44 വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധ ക്യാമ്പ് തകർക്കുകയും ചെയ്തിരുന്നു.