കൊച്ചി : വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പോലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി. പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹപ്രവർത്തകരുടെ ആത്മഹത്യ സജീവ ചർച്ചയാണെന്ന് വാർത്തകളിൽ പറയുന്നു. പോലീസ് സ്റ്റേഷന്റെ ഭരണം സി.ഐ മാർ ഏറ്റെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്.
എസ്.ഐ മാർ എസ്.എച്ച്.ഒ മാർ ആയിരുന്നപ്പോൾ പോലീസുകാരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നതെന്നും പറയുന്നു. ആത്മഹത്യ ചെയ്ത പോലീസുകാർ അച്ചടക്ക നടപടിക്ക് വിധേയരായവരാണ്.
ഐ.പി.എസ് ഉദ്യോഗസ്ഥരാണ് അച്ചടക്ക നടപടികളെടുക്കുന്നതെന്നും പരാതിയുണ്ട്.വിഴിഞ്ഞം എസ്.ഐ കുരുവിള ജോർജ് , വണ്ടൻമേട് സ്റ്റേഷൻ സി.പി.ഒ എ.ജി. രതീഷ്, കൊച്ചി ഇൻഫോ പാർക്ക് സ്റ്റേഷനിലെ മധു.
തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ ജിമ്മി ജോർജ്, ആലപ്പുഴ സായുധ പോലീസ് ക്യാമ്പിലെ ഡ്രൈവർ സുധീഷ് എന്നിവരാണ് കഴിഞ്ഞ ആഴ്ചയിൽ ജീവനൊടുക്കിയതെന്ന് പത്രവാർത്തയിൽ പറയുന്നു.